Site icon Janayugom Online

ആദിത്യനാഥിന്റെ പരാമര്‍ശം; പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് ബഹിഷ്ക്കരിച്ചു

parliament

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) അംഗം ജോണ്‍ ബ്രിട്ടാസ് നല്‍കിയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങള്‍ രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ലോക്‌സഭയില്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ, നാഷണല്‍ കോണ്‍ഫറന്‍സ്, എസ്‌പി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഉത്തര്‍ പ്രദേശില്‍ ബിജെപിയെ തിരികെ ഭരണത്തില്‍ എത്തിച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമോ, പശ്ചിമ ബംഗാളോ, കശ്മീരോ ആയി മാറുമെന്ന ആദിത്യ നാഥിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

അതേസമയം ബജറ്റില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകളെ തള്ളിക്കൊണ്ട് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി നല്‍കി. രണ്ടാം ഘട്ട ബജറ്റ് ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് 14ന് സഭ വീണ്ടും ചേരും.

 

ഐടി നിയമം: ബിനോയ് വിശ്വം എംപി നോട്ടീസ് നല്‍കി

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം എംപി നോട്ടീസ് നല്‍കി.

മാതൃനിയമമായ 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ പരിധികളെ മറികടക്കുന്നതാണ് പുതിയ നിയമമെന്നും ഇത് സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും തൊഴില്‍ ചെയ്യുന്നതിനും തടസമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ നിയമസംവിധാനങ്ങളുടെ പരിശോധനകളെ മറികടക്കാന്‍ എക്സിക്യൂട്ടീവിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നതിനുള്ള ശ്രമമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. 2021ലെ വര്‍ഷകാല സമ്മേളനത്തില്‍ ഈ വിഷയത്തില്‍ ബിനോയ് വിശ്വം നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാജ്യസഭയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. രാജ്യത്തെ ബാധിക്കുന്ന പ്രധാനമായ വിഷയമായതിനാല്‍ രാജ്യസഭയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

Eng­lish Sum­ma­ry: Con­tro­ver­sy state­ment of Adityanath; Oppo­si­tion mem­bers boy­cotted the rally

Exit mobile version