പഞ്ചായത്ത് വക ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ പാചക വാതക സിലിണ്ടർ ചോർന്നു തീപിടിച്ചു. തൊഴിലാളിക്ക് പൊള്ളലേറ്റു. ബേക്കറിയിലെ ഫ്രീസറും സാധനങ്ങളും കത്തി നശിച്ചു. തൊഴിലാളി സിലിണ്ടർ തുറന്ന ശേഷം അടുപ്പിൽ പാലും വെള്ളവും ചൂടാക്കാൻ വച്ചിരുന്നു. ഈ സമയം സിലിണ്ടറിൽ റഗുലേറ്ററിന്റെ ഭാഗത്തു ചോർച്ചയുണ്ടായതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം. റഗുലേറ്റർ ഓഫ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് തൊഴിലാളി വെള്ളാർവട്ടം പേഴുവിള വീട്ടിൽ ഉണ്ണിക്ക് (57) പൊള്ളലേറ്റത്. ഇയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടയിൽ നിന്നു തീയും പുകയും ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ലോഡിങ് തൊഴിലാളികളും കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും ഓടിയെത്തി. പിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും എത്തി ബേക്കറിയിൽ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടറുകൾ നീക്കം ചെയ്യുകയും തീ നിയന്ത്രിക്കുകയും ചെയ്തു.

