മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് ബിജെപി ഉയര്‍ത്തിക്കാട്ടിയ ലാഡ്‌ലി ബെഹന പദ്ധതി പാഴ്‌വാക്കായി. 450 രൂപയ്ക്ക് പാചക വാതകം വിതരണം ചെയ്യുമെന്ന അന്നത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വാഗ്ദാനമാണ് ജലരേഖയായി മാറിയത്. സബ്സിഡി പ്രതീക്ഷിച്ച് വോട്ട് ചെയ്ത വീട്ടമ്മമാരാണ് വഞ്ചിക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്തുന്നതിന് പദ്ധതി ഏറെ വലിയ പങ്കുവഹിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് രണ്ട് മാസങ്ങള്‍ക്ക് മുമ്പേയാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. പിന്നാലെ ഒരുമാസം സിലിണ്ടര്‍ ബുക്ക് ചെയ്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 450 രൂപ സബ്സിഡി നല്‍കി. എന്നാല്‍ തുടര്‍ന്നുള്ള മാസം സബ്സിഡി ലഭിച്ചില്ല. ശിവരാജ് സിങ് ചൗഹാനു പകരം മോഹന്‍ യാദവ് മുഖ്യമന്ത്രിയായതോടെയാണ് പദ്ധതി ത്രിശങ്കുവിലാവുകയും ചെയ്തു.
സംസ്ഥാനത്തെ 32 ലക്ഷത്തോളം സ്ത്രീകള്‍ ലാഡ്‌ലി ബെഹന പദ്ധതി അനുസരിച്ച് പാചക വാതക സബ്സിഡിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബിജെപിയുടെ വാഗ്ദാനം വിശ്വസിച്ച് രജിസ്റ്റര്‍ ചെയ്ത തനിക്ക് ഒരു മാസം മാത്രമാണ് സബ്സിഡി ലഭിച്ചതെന്ന് ഭോപ്പാലിലെ ഭീമനഗര്‍ സ്വദേശിനി ഷാഷി ഗൗഡേ അഭിപ്രായപ്പെട്ടു. ശിവരാജ് സിങ്ങ് സ്ഥാനമൊഴിഞ്ഞശേഷം സബ്സിഡി ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. 910 രൂപ നല്‍കി സിലിണ്ടര്‍ വാങ്ങാന്‍ പ്രാപ്തിയില്ലെന്ന് തൊഴിലാളിയായ പൂനം പറഞ്ഞു. വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കൃഷ്ണ ഗൗഡ് പറയുന്നു.
സബ്സിഡി നല്‍കുന്ന വിഷയം ധനകാര്യ വകുപ്പ് പരിശോധിച്ച് വരികയാണെന്നും എന്നുമുതല്‍ പദ്ധതി പൂര്‍ണതോതില്‍ പ്രാബല്യത്തില്‍ വരുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഇപ്പോള്‍ നാല് ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് അഭിമുഖീകരിക്കുന്നത്. ഗ്യാസ് സബ്സിഡി നല്‍കാനാകില്ലെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രി പ്രസ്താവിക്കുകയും ചെയ്തിരുന്നു.
English Summary: Madhya Pradesh’s Unfulfilled Promise: Cooking Gas Subsidies Awaited
You may also like this video
You may also like this video