Site iconSite icon Janayugom Online

സഹകരണ ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക്

CooperativeCooperative

ഭിന്നശേഷിക്കാർക്ക് സഹകരണ സ്ഥാപനങ്ങളിൽ നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതും വനിതാഫെഡ് ഉൾപ്പെടെ എല്ലാ അപ്പെക്സ് ബോഡികളിലെയും നിയമനം പിഎസ്‌സി വഴിയാക്കുന്നതുമായ സഹകരണ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വകുപ്പിലെ പെൻഷൻ വിതരണം സഹകരണ പെൻഷൻ ബോർഡ് വഴിയാക്കും. സഹകരണ യൂണിയനുകളുടെ പ്രവർത്തനങ്ങളിലും വ്യവസ്ഥകളിലും കൂടുതൽ വ്യക്തത കൊണ്ടുവരുമെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു. സഹകരണ മേഖലയുടെ വളർച്ചയും വിശ്വാസ്യതയും ഉറപ്പാക്കുകയും ലിക്വിഡേഷൻ പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടപ്പാക്കുകയും ആസ്തി നഷ്ടമില്ലാതാക്കാൻ നടപടിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യവും ബില്ലിലുണ്ട്.

സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ ഭേദഗതി ബില്ലെന്ന് അവതരിപ്പിച്ച മന്ത്രി വി എൻ വാസവൻ പറഞ്ഞു. ബിൽ നിയമസഭ ചർച്ച ചെയ്ത് സെലക്ട് കമ്മിറ്റിയുടെ പരിഗഗണനക്ക് വിട്ടു. സഹകരണ സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് പരാതിയുണ്ടായാൽ ഭരണസമിതിയെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഒരംഗം തുടർച്ചയായി രണ്ട് തവണയിലധികം ഭരണ രംഗത്ത് വരുന്നതിന് തടയിടുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. സബ്സിഡിയറി സ്ഥാപനങ്ങൾ സർപ്ലസ് ഫണ്ടുപയോഗിച്ച് സ്വകാര്യ സ്ഥാപനങ്ങൾ രൂപവൽക്കരിച്ച് ബിസിനസ് നടത്തുന്നതിനും ഈ ബില്ല് വരുന്നതോടെ നിയന്ത്രണമുണ്ടാകും. അംഗങ്ങളുടെ അവകാശങ്ങളും ബാധ്യതകളും തമ്മിൽ വ്യക്തത വരുത്തുന്നതിന് കാലഘട്ടത്തിന് അനുസരിച്ച് പുതിയ വ്യവസ്ഥതകളും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അറ്റാദായം കേരള ബാങ്കിൽ നിക്ഷേപിക്കാതെ നോൺ ബാങ്കിങ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന് മാറ്റം വരുത്തും. കൺകറന്റ് ഓഡിറ്റർ ഭരണസമിതിയുടെ താൽപര്യമനുസരിച്ച് റിപ്പോർട്ട് നൽകുന്നതിന് മാറ്റം വരുത്തും. സ്ഥാപനങ്ങൾക്ക് നഷ്ടം വരുത്തുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്നവരിൽ നിന്ന് നഷ്ടം തിരികെ പിടിക്കാനുള്ള വകുപ്പുകൾ ശക്തമാക്കും. എല്ലാത്തരം സംഘങ്ങളിലും പരിശോധന കൃത്യമാക്കും. ഓഡിറ്റിൽ കണ്ടെത്തുന്ന വീഴ്ചകളിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് പൊതുയോഗത്തിൽ മറുപടി നൽകണം. ക്രമക്കേടുണ്ടായാൽ പൊലീസും വിജിലൻസും അന്വേഷിക്കുന്ന രീതിയിൽ വകുപ്പുകൾ ഭേദഗതി ചെയ്യുമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.

പുതുതലമുറ ബാങ്കുകളോട് മത്സരിക്കാൻ കഴിയും വിധത്തിലുള്ള സൗകര്യങ്ങൾ ഈ മാസത്തോടെ സഹകരണ മേഖലയിലും നടപ്പാക്കുമെന്ന് ബില്ല് അവതരിപ്പിച്ച് മന്ത്രി പറഞ്ഞു. എല്ലാ സേവനങ്ങളും ഇതിലുറപ്പാകും. വലിയ പുരോഗതി കൈവരിക്കാനാകും. സഹകരണ മേഖലയുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കും. പ്രാഥമിക സംഘങ്ങളിലും ഐടി ഇന്റഗ്രേഷൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി എൻ വാസവൻ (ചെയർമാൻ), ഇ ചന്ദ്രശേഖരൻ, പി അബ്ദുൾ ഹമീദ്‌, വി ജോയ്‌, കോവൂർ കുഞ്ഞുമോൻ, ടി ഐ മധുസൂദനൻ, മാത്യു കുഴൽനാടൻ, മോൻസ്‌ ജോസഫ്‌, കെ കെ രമ, കെ ശാന്തകുമാരി, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി ആർ സുനിൽകുമാർ, സണ്ണി ജോസഫ്‌, കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ്‌ സെലക്ട്‌ കമ്മിറ്റി അംഗങ്ങൾ. 

Eng­lish Sum­ma­ry: Coop­er­a­tive Amend­ment Bill to Select Committee

You may also like this video

Exit mobile version