രാജ്യത്ത് മോഡിയുടെ നേതൃത്വത്തിൽ കോർപ്പറേറ്റുകൾക്കു വേണ്ടിയുള്ള ഭരണമാണ് നടന്നുവരുന്നതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുൺ അഭിപ്രായപ്പെട്ടു. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ വൈപ്പിൻ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഞാറക്കൽ പോസ്റ്റോഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്ക് താരാട്ടുപാടുന്ന കേന്ദ്രഭരണത്തിൽ ദരിദ്രരുടെ സ്ഥിതി ദയനീയമാണ്. ലോകത്ത് ഏറ്റവുമധികം ദരിദ്രരും പട്ടിണിക്കാരുമുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് അരുണ്‍ പറഞ്ഞു. സിപിഐ ജില്ലാ കൗൺസിലംഗം പി ഒ ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം താരാദിലീപ്, കെ ബി സോമശേഖരൻ, സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ എൽ ദിലീപ്കുമാർ, അസി സെക്രട്ടറി അഡ്വ എൻ കെ ബാബു, എഐടിയുസി വൈപ്പിൻ മണ്ഡലം സെക്രട്ടറി ടി എ ആന്റണി, സിപിഐ ഞാറക്കൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പി ജി ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
ആശുപത്രിപടിയിൽ നിന്നാരംഭിച്ച മാർച്ചിന് സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ഷാജി, പ്രജാപതി പ്രകാശൻ, കെ ജെ ഫ്രാൻസിസ്, മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് സി എ കുമാരി, എഐവൈഎഫ് വൈപ്പിൻ മണ്ഡലം സെക്രട്ടറി അഡ്വ ഡയാസ്റ്റസ് കോമത്ത്, പ്രസിഡന്റ് വി എസ് രഞ്ജിത്ത്, ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ പി ജെ കുശൻ, വി പി ശശിധരൻ, എ എ സുധീർ, എൻ കെ സജീവൻ, ഡോളർമാൻ കോമത്ത്, പി എ സമദ് തുടങ്ങിയവർ നേതൃത്വം നൽകി