കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ടയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) അടിസ്ഥാനമെന്ന് സാമ്പത്തിക ശാസ്തജ്ഞൻ പ്രഭാത് പട്നായക്. എകെജി പഠന ഗവേഷണ കേന്ദ്രവും കേളുഏട്ടൻ പഠനഗേവഷണ കേന്ദ്രവും സംയുക്തമായി നടത്തുന്ന അഞ്ചാമത് കേരള അന്താരാഷ്ട്ര പഠന കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവഫാസിസവും നവ ലിബറലിസവും പാവപ്പെട്ടവന്റെ ജീവിത സാഹചര്യങ്ങളിൽ ഒരു പാട് പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. മുതലാളിത്തം പ്രതിസന്ധിയിലേക്ക് പോകുമ്പോഴാണ് നവ ഫാസിസവുമായി അത് കൂടിച്ചേരുന്നത്. ജർമ്മനി, ഫ്രാൻസ്, യു എസ് എന്നിവിടങ്ങളിൽ എല്ലാം ഈ പ്രവണത ദൃശ്യമാണ്. ഹിന്ദുത്വ അജണ്ടകൾ സാധാരണക്കാരന്റെ സർഗ്ഗാത്മകത ഇല്ലാതാക്കുന്നു. ജനങ്ങളുടെ തൊഴിലില്ലായ്മയും ജീവിത പ്രശ്നങ്ങളും അഭിസംബോധന ചെയ്യുന്നതിന് പകരം പൊതുസിവിൽ കോഡ് പോലുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. പുത്തൻ വിദ്യാഭ്യാസ നയത്തിൽ സംവരണം അട്ടിമറിക്കപ്പെട്ടു.
സർവ്വകലാശാലകൾ കേവലം തൊഴിൽ പരിശീലന ഇടങ്ങളായി ചുരുക്കരുത്. അറിവും അവബോധവും വർദ്ധിപ്പിക്കുകയാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. തൊഴിൽ സാധ്യതയല്ല മികച്ച വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന യാഥാർത്ഥ്യം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളില്‍ നടക്കുന്ന അന്താരാഷ്ട്ര പഠന കോൺഗ്രസ് സെമിനാറില്‍ എസ് രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. പ്രൊഫ. സി രവീന്ദ്രനാഥ്, പ്രൊഫ. അനിത രാംപാൽ, പുത്തലത്ത് ദിനേശൻ, വി പി സാനു, ഡോ. ടി എം തോമസ് ഐസക്ക്, ഡോ. സി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മന്ത്രി മുഹമ്മദ് റിയാസ്, മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ പി കുഞ്ഞഹമ്മദ് കുട്ടി, കാനത്തിൽ ജമീല, സച്ചിൻ ദേവ് തുടങ്ങിയവര്‍ സംബന്ധിച്ചു. എ പ്രദീപ് കുമാർ സ്വാഗതവും കെ ടി കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ മുമ്പോട്ടു കൊണ്ടുപോകുന്നതിനും ദേശീയ വിദ്യാഭ്യാസനയത്തിലെ പ്രതിലോമ ആശയങ്ങൾ പ്രതിരോധിക്കുന്നതും ലക്ഷ്യമിട്ട് ഇരുപത് വികസന വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാര്‍.
English Summary: Corporate Hindutva agenda underpins new education policy: Prabhat Patnaik
You may also like this video