Site iconSite icon Janayugom Online

അഡാനിയുടെ വളര്‍ച്ചയും ചങ്ങാത്ത മുതലാളിത്തവും

അഡാനിയുടെ വളര്‍ച്ചയും ചങ്ങാത്ത മുതലാളിത്തവും അടുത്ത കാലത്ത് ഗൗതം അഡാനിയെന്ന കോര്‍പറേറ്റ് മുതലാളി വാര്‍ത്തകളില്‍ ഇടംപിടിച്ചത് എന്‍ഡിടിവിയെന്ന രാജ്യത്തെ പ്രമുഖ മാധ്യമത്തിന്റെ ഓഹരി വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കിയതിനെ തുടര്‍ന്നായിരുന്നു. എൻഡിടിവിയിൽ നേരത്തെ 29.18 ശതമാനം ഓഹരി നിക്ഷേപമുള്ള ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരികള്‍ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡി (വിപിസിഎൽ) ന്റെ പേരില്‍ വാങ്ങുകയായിരുന്നു. വിപിസിഎല്‍ എന്ന ഈ സ്ഥാപനം അഡാനി നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ കീഴിലുള്ളതാണ്. അങ്ങനെ വളഞ്ഞ വഴിയിലൂടെ എന്‍ഡിടിവിയുടെ ഓഹരി പങ്കാളിത്തം നേടുകയായിരുന്നു അഡാനി ചെയ്തത്. ഇതിപ്പോള്‍ നിയമപ്രശ്നമായി മാറിയിരിക്കുകയാണ്. ഇങ്ങനെ വളഞ്ഞ വഴികളിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉറ്റ ചങ്ങാത്തം ഉപയോഗിച്ചും വന്‍കിട പദ്ധതികളില്‍ നിക്ഷേപം നടത്തുവാന്‍ അവസരം ലഭിച്ചതാണ് മൂന്നുദശകം കൊണ്ട് അഡാനി സാമ്പത്തികമായി ഉന്നതിയിലെത്തുന്നതിന് കാരണമായത്. ഇന്ത്യയിലെ പരമ്പരാഗതമായി കേട്ടുകൊണ്ടിരുന്ന ധനികരെയെല്ലാം കടത്തിവെട്ടി ഇന്നിപ്പോള്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള ഇന്ത്യക്കാരായ കോര്‍പറേറ്റുകളില്‍ പ്രമുഖനായി അഡാനി മാറിയിരിക്കുന്നു. സാമ്പത്തിക ഉദാരവല്കരണത്തിന്റെയും കോര്‍പറേറ്റ് വല്കരണത്തിന്റെയും പുതിയ കാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സംജ്ഞയാണ് ചങ്ങാത്ത മുതലാളിത്തം. അതിന്റെ ലോകത്തെ തന്നെ മികച്ച ഉദാഹരണമാണ് ഇന്ന് അഡാനി. ബിജെപി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നതുവരെ കൊച്ചു വ്യാപാരങ്ങളുമായി നടന്നിരുന്ന വ്യക്തിയായിരുന്നു അഡാനിയെന്ന് അദ്ദേഹത്തിന്റെ ഭൂതകാലം പരിശോധിച്ചാല്‍ വ്യക്തമാകും.

1978ല്‍ മുംബെയിലെത്തി വജ്രവ്യാപാരിയുടെ കൂടെ തരംതിരിക്കല്‍ ജോലിയെടുത്തിരുന്ന കൗമാരക്കാരനാണ് ഇന്ന് ലോകത്തെ തന്നെ വന്‍ സമ്പന്നരില്‍ ഒരാളായി മാറിയത്. ഒരാള്‍ അത്യധ്വാനത്തിന്റെ ഫലമായി ഉയര്‍ന്നുവരുന്നത് വിസ്മയത്തോടെ കാണാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ അഡാനിയുടെ വളര്‍ച്ച ആ വിധത്തിലായിരുന്നില്ലെന്നതാണ് അത് ചങ്ങാത്ത മുതലാളിത്തത്തിന്റെ ഫലമാണെന്ന ബോധ്യത്തിലേക്ക് നമ്മെ എത്തിക്കുന്നത്. സഹോദരന്‍ മഹാസുഖ്ഭായി 1981ല്‍ ആരംഭിച്ച പ്ലാസ്റ്റിക് യൂണിറ്റ് നോക്കി നടത്തുന്നതിന് നാട്ടിലേയ്ക്ക് തിരിച്ചെത്തിയ ഗൗതം അഡാനി 1991ല്‍ ഉദാരവല്കരണ നയം നടപ്പിലാകുന്നതുവരെ ചെറു കിട സംരംഭകന്‍ മാത്രമായി തുടര്‍ന്നു. 1991ന് ശേഷം ആ നയത്തിന്റെ ഗുണഭോക്താവാകുന്നതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചു. അഡാനി എന്റര്‍പ്രൈസസ് എന്ന സ്ഥാപനം തുടങ്ങുകയും വായ്പയായും മറ്റും സമാഹരിച്ച പണമുപയോഗിച്ച് ചെറിയ തോതില്‍ കയറ്റുമതി രംഗത്തേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. ആ ഘട്ടത്തിലാണ് ഗുജറാത്തിലെ പ്രസിദ്ധമായ മുന്ദ്ര തുറമുഖം സ്വകാര്യവല്കരിക്കുന്നതിന് തീരുമാനമുണ്ടാകുന്നത്. അപ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഭരണമായിരുന്നുവെങ്കിലും അതിന്റെ ലേല നടപടികള്‍ ആകുമ്പോഴേയ്ക്കും ബിജെപി അധികാരത്തിലെത്തിയിരുന്നു. ബിജെപിയും സംസ്ഥാനത്തെ പ്രമുഖ നേതാവ് നരേന്ദ്രമോഡിയുമായുള്ള ബന്ധം പ്രസ്തുത കരാ‍ര്‍ അഡാനിയുടെ സംരംഭത്തിന് ലഭിക്കുന്നതിനിടയാക്കി. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയുള്ളതും മര്‍മ്മപ്രധാനവുമായ തുറമുഖം അഡാനിക്കു തുറന്നു നല്കിയത് വന്‍ സാധ്യതകളായിരുന്നു. കയറ്റുമതി രംഗത്ത് ചുവടു വെച്ചു തുടങ്ങിയ അദ്ദേഹത്തിന് ആ നിലയിലും മുന്നേറുവാന്‍ തുറമുഖത്തിന്റെ ഉടമസ്ഥത സഹായകമായി.


ഇതുകൂടി വായിക്കൂ: എൻഡിടിവിയെ അഡാനി വിഴുങ്ങുന്നത് ഭയക്കണം 


മോഡിക്ക് ഗുജറാത്ത് സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്നതിനും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതിനുമുള്ള കൊടുക്കല്‍ വാങ്ങലുകളാണ് പിന്നീട് രാജ്യം കണ്ടത്. ആ കൊടുക്കലിലൂടെ അഡാനിയുടെ വ്യാപാര സാമ്രാജ്യം ലോകത്തോളം വളര്‍ന്നു. എന്‍ഡിടിവി പോലുള്ള സംരംഭങ്ങളെ വിലയ്ക്കുവാങ്ങി മോഡി സ്തുതിപാഠകരുടെ പട്ടികയിലേക്ക് എത്തിക്കുന്നതിനുള്ള നീക്കത്തിലൂടെ മോഡിയുടെ വാങ്ങലും പരസ്പരപൂരകങ്ങളായിരിക്കുന്നു. ഓഗസ്റ്റ് അവസാനം ലോകത്തെ അതിധനികരുടെ പട്ടികയില്‍ അഡാനിക്ക് മൂന്നാം സ്ഥാനം നല്കുമ്പോള്‍ ബ്ലൂംബര്‍ഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 10.9 ലക്ഷം കോടി രൂപയാണ് ആസ്തിയായി കണക്കാക്കിയത്. മേയ് മാസത്തില്‍ പുറത്തുവന്ന മറ്റൊരു കണക്കു പ്രകാരം മുന്‍വര്‍ഷം അഡാനിയുടെ ആസ്തിയിലുണ്ടായത് രണ്ടേ കാല്‍ ലക്ഷം കോടി രൂപയുടെ വര്‍ധനയാണ്. ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും പിന്‍ബലത്തില്‍ 1995ല്‍ മുന്ദ്ര തുറമുഖത്തില്‍ ഓഹരി പങ്കാളിത്തം നേടിയ അഡാനി ഇപ്പോള്‍ ഇന്ത്യന്‍ തുറമുഖ ചരക്കുനീക്കത്തിന്റെ 24 ശതമാനം കയ്യടക്കിയിരിക്കുകയാണ്.

ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ 2014ല്‍ ഇന്ത്യയിലെ സമ്പന്നരില്‍ പത്താം സ്ഥാനത്തായിരുന്ന അഡാനി രണ്ടാം സ്ഥാനത്തെത്തിയതും അത്യധ്വാനത്തിലൂടെയാണെന്ന് വിശ്വസിക്കുവാന്‍ സാധിക്കില്ല. ഊതിപ്പെരുപ്പിച്ച കണക്കുകളുമായി ഓഹരിക്കമ്പോളത്തെ കബളിപ്പിച്ച് നേടുന്ന ആനുകൂല്യങ്ങളും സ്വാധീനത്തിന്റെ ഫലമായി ലഭിക്കുന്ന വന്‍തോതിലുള്ള വായ്പകളും ഉപയോഗിച്ചാണ് അഡാനിയുടെ വളര്‍ച്ചയുണ്ടായതെന്ന് ഫിച്ച് റേറ്റിങ്ങിന്റെ അനുബന്ധ സ്ഥാപനമായ ക്രെഡിറ്റ്സൈറ്റ്സ് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ പരാമര്‍ശങ്ങള്‍ അഡാനിയുടെ വളര്‍ച്ചയെ കൂടുതല്‍ സംശയാസ്പദമാക്കുന്നുണ്ട്. വാണിജ്യ — വ്യാപാര രംഗത്ത് പാരമ്പര്യത്തിന്റെയോ സാമ്പത്തിക അടിത്തറയുടെയോ പിന്‍ബലമില്ലാതെ ചുരുങ്ങിയ കാലയളവില്‍ ഗൗതം അഡാനി തന്റെ സാമ്രാജ്യം വികസിപ്പിച്ചത് ചങ്ങാത്ത മുതലാളിത്തത്തിന്റെയും വഴിവിട്ട ഇടപാടുകളുടെയും സമൂര്‍ത്തമായ ഉദാഹരണമായി ഉയര്‍ന്നുനില്ക്കുകയാണ്.

You may also like this video;

Exit mobile version