കഴിഞ്ഞ സാമ്പത്തിക വർഷം കോഴിക്കോട് കോർപ്പറേഷനിൽ പദ്ധതികൾക്കായി ചെലവഴിച്ചത് ലക്ഷ്യമിട്ടതിന്റെ 86.65 ശതമാനം. കഴിഞ്ഞ വർഷം പൂർത്തീകരിക്കാത്ത പദ്ധതികൾ ഈ സാമ്പത്തിക വർഷത്തിലേക്ക് ഉൾപ്പെടുത്താൻ (സ്പിൽഓവർ) ജില്ലാ ആസൂത്രണ സമിതിയിൽ സമർപ്പിക്കാൻ കൗൺസിൽ യോഗം അംഗീകാരം നൽകി. ടെണ്ടർ ചെയ്തതും ചെയ്യാനിരിക്കുന്നതുമായ പ്രവൃത്തികൾ ഇതിൽ ഉൾപ്പെടും. മെയിന്റനൻസ് ഫണ്ടിൽ നിന്നുള്ള 59.51 ശതമാനവും ചെലവഴിച്ചതായും സെക്രട്ടറി കെ യു ബിനി യോഗത്തിൽ അറിയിച്ചു. കരാർ ലഭിച്ച പദ്ധതികളെക്കുറിച്ച് ക്ലസ്റ്റർ അടിസ്ഥാനത്തിൽ അവലോക യോഗങ്ങൾ ചേർന്ന് പോരായ്മകൾ പരിഹരിക്കും. രണ്ടു മാസം കൂടുമ്പോൾ ഒരിക്കലെങ്കിലും കരാറുകാരുടെ സാന്നിധ്യത്തിൽ യോഗം ചേരണമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു.
ചില കാര്യങ്ങളിൽ കരാറുകാരിൽ നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാവാറില്ലെന്നും പദ്ധതികൾ വൈകിപ്പിക്കുന്നവരെ വിളിച്ചുവരുത്തുമെന്നും മേയർ വ്യക്തമാക്കി. ഇതേ സമയം പ്രായമായ വ്യക്തികൾക്ക് കൈത്താങ്ങാവുന്ന വയോജന നയം നടപ്പാക്കുന്നതിന്റെ ഒരുക്കങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. ഈ മാസം പന്ത്രണ്ടിന് ഇതുമായി ബന്ധപ്പെട്ട റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനം നടത്തും. വയോജനങ്ങളുടെ വിവിധ സംഘടനകളിലെ പ്രവർത്തകരും ഡോക്ടർമാരടക്കം റിസോഴ്സ് പേഴ്സൺമാരിലുണ്ടാവും. 25 പേരാണ് റിസോഴ്സ് പേഴ്സൺമാരായുണ്ടാവുക. ഇവരുടെ പരിശീലനത്തിന് ശേഷം ഓരോ വാർഡിലും മൂന്നുപേരെ വീതം പരിശീലിപ്പിക്കും. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ നടപ്പിലാക്കാനാണ് തീരുമാനം.
English Summary: Corporation ready to implement ageing policy
You may like this video also