Site icon Janayugom Online

സുപ്രീം കോടതി റദ്ദാക്കിയ അഴിമതി ബോണ്ട് വീണ്ടും

അഴിമതിയെ നിയമവല്‍ക്കരിക്കുകയും സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് വിധിയെഴുതുകയും ചെയ്ത ഇലക്ടറൽ ബോണ്ട് സംവിധാനം വീണ്ടും കൊണ്ടുവരാന്‍ ബിജെപി. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് പുതിയ രൂപത്തില്‍ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇതിന് മുന്നോടിയായി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുന്നതിനാണ് മോഡി സര്‍ക്കാര്‍ നീക്കം. കള്ളപ്പണത്തെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റാൻ ഇലക്ടറൽ ബോണ്ട് സംവിധാനം ഉചിതമായ ഭേദഗതികളോടെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കണം എന്നായിരിക്കും ഹർജി. ഇക്കാര്യത്തില്‍ നിയമോപദേശം തേടി. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് ഹർജി സമർപ്പിക്കാനാണ് നീക്കം.
ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി ഫെബ്രുവരി 15നാണ് സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് റദ്ദാക്കിയത്. ഇലക്ടറൽ ബോണ്ട് ഇടപാടിലെ കക്ഷികളെക്കുറിച്ച് യാതൊരു വിവരവും ജനങ്ങള്‍ക്ക് ലഭിക്കില്ലെന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇലക്ടറല്‍ ബോണ്ടിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയ ബിജെപി രാജ്യം കൊള്ളയടിക്കുന്നതിനുള്ള ഉപാധിയായി ഈ സംവിധാനത്തെ മാറ്റിയിരുന്നു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടി പണനേട്ടമുണ്ടാക്കിയെന്ന വിരങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. 

കോടതി ഉയർത്തിയ വിമർശനങ്ങൾ പരിഗണിച്ച് ബോണ്ട് സംവിധാനം പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്നാകും സർക്കാർ പരമോന്നത കോടതിയിൽ വ്യക്തമാക്കുക. ഇതിനോടകം ഈ വിഷയത്തില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെയാകും വിധി പുനഃപരിശോധിക്കണമെന്ന അപേക്ഷ സമര്‍പ്പിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ സുപ്രീം കോടതി വിധി കേന്ദ്രസർക്കാരിന് കനത്ത പ്രഹരമായി മാറിയിരുന്നു. അഴിമതി വിരുദ്ധമെന്ന് അവകാശപ്പെട്ടിരുന്ന ബിജെപിയാണ് ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയതെന്നും ഇതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ വരെ ഉപയോഗിച്ചുവെന്നും പുറത്തുവന്നു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ തുടങ്ങിയവര്‍ ബോണ്ട് സംവിധാനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.
എല്ലാവര്‍ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ ഇലക്ടറല്‍ ബോണ്ട് തിരികെകൊണ്ടുവരുന്നതിനായി നിരന്തരം ചര്‍ച്ച നടത്തിവരികയാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇലക്ടറല്‍ ബോണ്ടില്‍ സുതാര്യത നിലനിര്‍ത്തി കള്ളപ്പണം എത്തുന്നത് പൂര്‍ണമായും തടഞ്ഞുകൊണ്ടുള്ള സംവിധാനം നിലനിര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു. 

Eng­lish Summary:Corruption bond can­celed by Supreme Court again
You may also like this video

Exit mobile version