ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഭാര്യ കിം കിയോൺ ഹിക്ക് അഴിമതിക്കേസിൽ 20 മാസം തടവുശിക്ഷ വിധിച്ച് സിയോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി. വിവാദമായ യൂണിഫിക്കേഷൻ ചർച്ചിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് 52കാരിയായ മുൻ പ്രഥമ വനിതയെ കോടതി ശിക്ഷിച്ചത്. ഇതോടെ ദക്ഷിണകൊറിയൻ ചരിത്രത്തിൽ ആദ്യമായി ഒരു മുൻ പ്രസിഡന്റും ഭാര്യയും ഒരേസമയം ശിക്ഷിക്കപ്പെടുന്ന അവസ്ഥയായി.
അധികാര ദുർവിനിയോഗത്തിനും നീതിതടസ്സപ്പെടുത്തലിനും യൂൻ സുക് യോൾ നിലവിൽ അഞ്ച് വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. പദവി വ്യക്തിപരമായ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നും പ്രലോഭനങ്ങളെ പ്രതിരോധിക്കുന്നതിൽ കിം പരാജയപ്പെട്ടുവെന്നും ജഡ്ജി നിരീക്ഷിച്ചു. ഷനേൽ ഹാൻഡ്‌ബാഗുകളും ഡയമണ്ട് നെക്ലേസും ഉൾപ്പെടെ 80 മില്യൺ വോൺ മൂല്യമുള്ള പാരിതോഷികങ്ങൾ കിം സ്വീകരിച്ചതായാണ് കണ്ടെത്തൽ.

