വ്യാജ മയക്കുമരുന്ന് കേസില്‍ തൃശ്ശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ പ്രതിയാക്കി ജയിലിലടച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. തൃശൂര്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. അതേസമയം കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ്. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നാണ് കുറ്റം. എക്സൈസ് കമ്മീഷണറുടെതാണ് സസ്പെൻഷൻ ഉത്തരവ്.
പന്ത്രണ്ട് എല്‍എസ്ഡി സ്റ്റാമ്പുകളുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നായരങ്ങാടി സ്വദേശി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയെ ഫെബ്രുവരി 27നാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ ഷീലയില്‍ നിന്ന് എക്സൈസ് സംഘം അന്ന് പിടിക്കൂടിയത് എല്‍എസ്ഡി സ്റ്റാമ്പുകളല്ല എന്ന പരിശോധന ഫലമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്.
ചാലക്കുടി എക്സൈസ് പിടികൂടിയ കേസ് പിന്നീട് എക്സൈസ് ക്രൈംബ്രാഞ്ച് എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചത്. പിടികൂടിയ സമയത്തുതന്നെ സംശയമുള്ളവരെ പറ്റി അന്വേഷണ സംഘത്തെ ധരിപ്പിച്ചെങ്കിലും ഇവരെ ചോദ്യം ചെയ്യുകയോ സ്റ്റാമ്പുകള്‍ എവിടെ നിന്നാണ് കിട്ടിയതെന്നതിന്റെ തുടരന്വേഷണമോ നടന്നിട്ടില്ലെന്ന് ഷീലയുടെ ആരോപണം. കേസില്‍ ഷീല 72 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്.
English Summary:Counterfeit drug case; Excise officer suspended for falsely implicating beauty parlor owner, HRC files case
You may also like this video