ചാരുംമൂട്ടിൽ നിന്ന് കള്ളനോട്ടുകൾ പിടിച്ച കേസിൽ ബിജെപി നേതാവുൾപ്പെടെ മൂന്ന് പേർ പിടിയിൽ. അച്ചടി ഉപകരണങ്ങളും 4.5 ലക്ഷം വരുന്ന കള്ളനോട്ടും പിടിച്ചെടുത്തു. നോട്ട് പരിശോധനയ്‌ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കും. അതേസമയം റിപ്പോര്‍ട്ട് അടിസ്ഥാനത്തിൽ കേസ് എൻഐഎയ്‌ക്ക് കൈമാറണോ എന്ന് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.
നോട്ട് അച്ചടിച്ച തിരുവനന്തപുരം നേമം പുതിയകാരക്കാമണ്ഡപം വാർഡിൽ ശിവൻകോവിൽ റോഡിൽ സ്വാഹിദ് വീട്ടിൽ ശ്യാം ആറ്റിങ്ങൽ എന്ന ഷംനാദ് (40), നോട്ടിന്റെ സ്‌കാനിങ്ങും ഡിസൈനിങ്ങും നടത്തി അച്ചടിക്ക് സഹായിച്ച കൊട്ടാരക്കര വാളകം വില്ലേജിൽ പാണക്കാട് വീട്ടിൽ ശ്യാം ശശി (29), ചാരുംമൂട് മേഖലയിലെ മുഖ്യ ഇടപാടുകാരനായ മാവേലിക്കര ചുനക്കര കോമല്ലൂർ വേളൂർവീട്ടിൽ രഞ്‌ജിത്ത് (49) എന്നിവരെയാണ് പിടികൂടിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ നൂറനാട് സി ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ബിജെപി ചുനക്കര പഞ്ചായത്ത് മുൻ സെക്രട്ടറിയാണ് രഞ്‌ജിത്ത്. നോട്ടടിക്കാൻ ഉപയോഗിച്ചിരുന്ന ലാപ്ടോപ്, പ്രിന്റർ, പേപ്പർ, ലാമിനേറ്റർ, പ്രത്യേകതരം പശ എന്നിവയും നോട്ട് സൂക്ഷിച്ചിരുന്ന കാറും നാലരലക്ഷത്തോളം രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു.
സിനിമയിലും സീരിയലിലും ചെറിയ വേഷങ്ങൾ ചെയ്‌തിട്ടുള്ളയാളാണ് മുഖ്യപ്രതിയായ ഷംനാദ്. ഈസ്‌റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റ് കൊടുവിളമുറിയിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർക്കാരാണ്മ അക്ഷയ് നിവാസിൽ ലേഖ (38) എന്നിവരെ നേരത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരിലൂടെയാണ് ഷംനാദിലേക്ക് എത്തിയത്.
2000, 500, 200 നോട്ടുകളാണ് അച്ചടിച്ചിരുന്നത്. 500 ന്റെയും 200 ന്റെയും നോട്ടുകളാണ് കൂടുതലായിട്ടുള്ളത്. അന്ധർക്ക് നോട്ട് തിരിച്ചറിയാനുള്ള ത്രീഡി എഫക്‌ട് കള്ളനോട്ടിൽ ഇല്ല. സൂഷ്‌മമായി നോക്കിയാല്‍ മാത്രമേ ഇത് തിരിച്ചറിയാൻ കഴിയുവെന്ന് പൊലീസ് പറഞ്ഞു.
English Summary:Counterfeit notes; Three people, including a BJP leader, were arrested in Alappuzha
You may also like this video