ഓഗസ്റ്റ് 23, വൈകിട്ട് 6.04. രാജ്യം ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന നിമിഷം. ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനൊരുങ്ങി. ചന്ദ്രയാൻ 3 ദൗത്യം ലക്ഷ്യമിട്ട രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും എല്ലാ ഘടകങ്ങളും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഏറെ കടമ്പകള്‍ കടന്നാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക. അഞ്ച് ഭ്രമണപഥം ഉയര്‍ത്തലുകള്‍ക്കും അഞ്ച് താഴ്ത്തലുകള്‍ക്കും ശേഷം ലാന്റര്‍ മൊഡ്യൂളും പ്രൊപ്പല്‍ഷൻ മൊഡ്യൂളും വേര്‍പെട്ടു. തുടര്‍ന്ന് രണ്ട് തവണയായി ഡീ ബൂസ്റ്റിങ്ങിലൂടെ വേഗം കുറച്ചതോടെയാണ് ലാന്റിങ്ങിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലേക്ക് ചന്ദ്രയാൻ 3 കടന്നത്.
ഇന്ന് വൈകിട്ട് 5.45നാണ് സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ തുടങ്ങുക. 6.04നാകും ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാൻ ഇറങ്ങുക. ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത്. ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുന്ന ലാന്‍ഡറിന്റെ വേഗത കുറയ്ക്കുകയാണ് നിര്‍ണായക ഘട്ടം. നിലവില്‍ സെക്കൻഡിൽ രണ്ട് കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ ചന്ദ്രനിലേക്ക് അടുക്കുന്നതിനൊപ്പം ക്രമാനുഗതമായി വേഗം നിയന്ത്രിച്ചാണ് സോഫ്റ്റ് ലാന്‍ഡിങ് പ്രാവര്‍ത്തികമാക്കുക.
ലാന്‍ഡര്‍ മൊഡ്യൂൾ ആന്തരിക പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും ലാന്‍ഡിങ്ങെന്ന് ഐഎസ്ആർഒ അറിയിച്ചു. എന്നാല്‍ ലാന്‍ഡിങ്ങിനുള്ള പ്രവര്‍ത്തനങ്ങള്‍ മുഴുവൻ ലാന്‍ഡര്‍ തനിയെ ചെയ്യേണ്ടവയാണ്. ആ സമയത്ത് ഭൂമിയില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കാനാകില്ല.
ഭൂമിയുടേതുപോലെ ഒരു പേടകത്തിന് വേഗത നിയന്ത്രിക്കാനാകുന്ന അന്തരീക്ഷം ചന്ദ്രനിലില്ല. വേഗത സ്വയം കുറച്ചില്ലെങ്കില്‍ പേടകം തകരാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 6,000 കിലോമീറ്ററില്‍ നിന്ന് പൂജ്യമായി കുറയ്ക്കണം. ലാന്‍ഡര്‍ നാല് പേലോഡുകളും റോവര്‍ രണ്ട് പേലോഡുകളും വഹിക്കുന്നുണ്ട്. അതേസമയം പ്രൊപ്പൽഷന്‍ മൊഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ തുടരും. ചന്ദ്രോപരിതലത്തില്‍ നിന്ന് ഭൂമിയെ നിരീക്ഷിക്കുന്നതിനുള്ള ഉപകരണമായ ‘ഷേപ്’ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ വഹിക്കുന്നുണ്ട്.
മാറ്റേണ്ടി വന്നാല്‍ 27ന്
ചന്ദ്രയാൻ 3 നാളെ സോഫ്റ്റ് ലാൻഡിങ്ങിനായി തയ്യാറെടുക്കുമ്പോഴും ലാൻഡിങ് ദിനം മാറ്റിവയ്ക്കാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. ലാൻഡിങ് സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമേ അനുയോജ്യമായ സമയം മനസിലാക്കാൻ സാധിക്കൂ എന്ന് അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ് ആപ്ലിക്കേഷൻ സെന്ററിലെ ഡയറക്ടര്‍ നിലേഷ് എം ദേശായി പറഞ്ഞു. സാഹചര്യം നല്ലതല്ലെങ്കില്‍ ലാൻഡിങ് 27ലേക്ക് നീട്ടിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
തത്സമയ സംപ്രേഷണം
സോഫ്റ്റ് ലാൻഡിങ്ങിന്റെ ആവേശം തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഐഎസ്ആർ ഒ നടത്തിയിരിക്കുന്നത്. ലാൻഡിങ്ങിന്റെ തത്സമയ സംപ്രേഷണം വൈകിട്ട് 5.20 മുതല്‍ ആരംഭിക്കും.
ഐഎസ്ആർഒയുടെ വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം കാണാം.
English summary; india waiting for Chandrayaan soft landing
you may also like this video;