ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം പൂര്‍ത്തിയായാലുടന്‍ അതേ രീതിയില്‍ രാജ്യം മുഴുവൻ എസ്‌ഐആർ നടപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 2026ൽ അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഈ വർഷം അവസാനം എസ്‌ഐആർ തയ്യാറാക്കല്‍ ആരംഭിക്കുമെന്നാണ് സൂചന. നടപടിക്രമം എപ്പോൾ ആരംഭിക്കുമെന്ന് ഇതുവരെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയിലെമ്പാടുമുള്ള എസ്‌ഐആർ നടപടിക്രമങ്ങളുടെ രീതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേര്‍ന്നിരുന്നു.
എസ്ഐആര്‍ കോടിക്കണക്കിന് പൗരന്മാർക്ക് വോട്ടവകാശം നഷ്ടപ്പെടുന്നതിനിടയാക്കുന്ന ബിജെപി — തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിക്കുന്നു. ഇതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയിലുണ്ട്. യോഗ്യരായ ഒരു പൗരനും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി ഇസിഐയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

