Site iconSite icon Janayugom Online

ഝാര്‍ഖണ്ഡില്‍ അട്ടിമറി നീക്കം: എംഎല്‍എമാരെ കൊണ്ടുപോകാനുദ്ദേശിച്ച വിമാനങ്ങള്‍ റദ്ദാക്കി

hemant sorenhemant soren

ഭൂമി ഇടപാട് കേസിൽ ത്സാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സൊരേനെ ഇഡി അറസ്റ്റു ചെയ്തതിനു പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറി നീക്കം.
പുതിയ മുഖ്യമന്ത്രിയായി ജെഎംഎം നിർദേശിച്ച ചംപൈ സൊരേനെ സർക്കാർ രൂപീകരണത്തിനായി ഗവർണർ ഇതുവരെ ക്ഷണിച്ചിട്ടില്ല. തങ്ങളെ പിന്തുണയ്ക്കുന്ന മുഴുവന്‍ എംഎല്‍എമാരുമായി രാജ്ഭവനില്‍ എത്താമെന്ന് അറിയിച്ച് ചംപൈ സൊരേന്‍ ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ബിജെപിയുടെ കുതിരക്കച്ചവട നീക്കം തടയുന്നതിന് ഭരണകക്ഷി എംഎൽഎമാരെ സംസ്ഥാനത്തു നിന്നും നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജെഎംഎം-കോണ്‍ഗ്രസ് മുന്നണിയിലെ എല്ലാ എംഎല്‍എമാരെയും ഹൈദരാബാദിലേക്ക് മാറ്റാനാണ് നീക്കം. ഇതിനായി രണ്ട് വിമാനങ്ങള്‍ ബുക്ക് ചെയ്തെങ്കിലും മോശം കാലാവസ്ഥാ എന്ന കാരണം പറഞ്ഞ് അധികൃതര്‍ റദ്ദാക്കി.

ഝാർഖണ്ഡിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബുധനാഴ്ചയാണ് ഹേമന്ത് സൊരേന്‍ അറസ്റ്റിലായത്. ഇഡി ചോദ്യംചെയ്യുന്നതിനിടെ തന്നെ സൊരേൻ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇഡിക്ക് തനിക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അറസ്റ്റിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയില്‍ ഹേമന്ത് സൊരേന്‍ പറഞ്ഞു. ഇന്നലെ പിഎംഎല്‍എ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ സൊരേനെ ഒരു ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു. അതേസമയം അറസ്റ്റിനെതിരെ സൊരേന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ കോടതി നാളെ വാദം കേള്‍ക്കും.

Eng­lish Sum­ma­ry: Coup move in Jhark­hand: Flights sched­uled to car­ry MLAs cancelled

You may also like this video

Exit mobile version