Site iconSite icon Janayugom Online

ഹജ്ജിന് പോകാൻ കരുതിവെച്ച ഭൂമി ലൈഫ് മിഷന് നല്‍കി ദമ്പതികള്‍; അഭിനന്ദിച്ച് മന്ത്രി എം വി ഗോവിന്ദൻ

ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക് സംഭാവന ചെയ്ത കോഴഞ്ചേരിയിലെ ഹനീഫ — ജാസ്മിൻ ദമ്പതികളെ മന്ത്രി എം വി ഗോവിന്ദന്‍ അഭിനന്ദിച്ചു. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ് സ്ഥലമാണ് ലൈഫ് മിഷന് ഇവർ സംഭാവന ചെയ്തത്. 

സ്ഥലം വിറ്റ് കിട്ടുന്ന തുക കൊണ്ട് ഹജ്ജിന് പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെ സ്ഥലം ലൈഫ് ഭൂരഹിതരുടെ പുനരധിവാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുള്ള സമൂഹത്തിന്റെ പ്രയാണത്തിന് ഊർജ്ജമാണിവരെന്നും മാനവികതയുടെ മഹാ മാതൃക തീർത്ത ഹനീഫയെയും ജാസ്മിനെയും പോലെയുള്ളവർ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 

ഇതിനകം 926.75 സെന്റ് സ്ഥലം 13 സ്ഥലങ്ങളിലായി ലൈഫ് മിഷന് ലഭ്യമായിട്ടുണ്ട്. ഇതിന് പുറമേ 30സ്ഥലങ്ങളിലായി 830.8 സെന്റ് സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. 1,000 പേർക്ക് ഭൂമി നൽകാനായി 25 കോടി രൂപയുടെ സ്പോൺസർഷിപ്പും ലഭ്യമായിട്ടുണ്ട്. ഭൂമിയില്ലാത്തവർക്ക് ഒരു തുണ്ട് ഭൂമി സമ്മാനിച്ച്, മനുഷ്യത്വത്തിന്റെ സന്ദേശവാഹകരാകാൻ കൂടുതൽ പേർ രംഗത്തെത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. 

Eng­lish Summary:Couple donates land reserved for Hajj to Life Mission
You may also like this video

YouTube video player
Exit mobile version