Site iconSite icon Janayugom Online

ഇത്ര സെൻസിറ്റീവ് ആകുന്നതെന്തിനാണ്? ‘120 ബഹദൂർ’ സിനിമയുടെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ കോടതി

പരം വീർ ചക്ര അവാർഡ് ജേതാവ് മേജർ ഷൈതൻ സിങ് ഭാട്ടിയായി നടൻ ഫർഹാൻ അക്തർ അഭിനയിക്കുന്ന ‘120 ബഹദൂർ’ എന്ന സിനിമയുടെ റിലീസിനെതിരായ ഹര്‍ജിയില്‍ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കുമെന്ന് കേന്ദ്ര സർക്കാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ അറിയിച്ചു. റെസാങ് ലാ യുദ്ധത്തിന്റെ കഥ ചിത്രീകരിക്കുന്ന സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.

യുദ്ധത്തിൽ പങ്കെടുത്ത 120 സൈനികരെ ആദരിക്കുന്നതിനായി സിനിമയുടെ പേര് ‘120 ബഹദൂർ’ എന്നത് മാറ്റി ‘120 വീർ അഹിർ’ എന്നാക്കി മാറ്റണമെന്നാണ് പൊതുതാൽപര്യ ഹരജിയിൽ പ്രധാനമായും ആവശ്യപ്പെട്ടത്. യുദ്ധത്തിൽ മരിച്ച 114 സൈനികരുടെയും രക്ഷപ്പെട്ട ആറ് പേരുടെയും പേരുകൾ സിനിമയിൽ ഉൾപ്പെടുത്തണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. ഹരജിക്കാർ ഈ വിഷയത്തിൽ ഇത്രയധികം സെൻസിറ്റീവ് ആയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

‘സിനിമക്ക് അങ്ങനെ പേരിടണോ വേണ്ടയോ എന്നതിനെക്കുറിച്ച് നിങ്ങൾ എന്തിനാണ് ഇത്ര സെൻസിറ്റീവാകുന്നത്? മൂന്നോ രണ്ടരയോ മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ സൈനികരുടെ ധീരത കാണാൻ കഴിയും’ ‑കോടതി പറഞ്ഞു. റേസാങ് ലാ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സംയുക്ത് അഹിർ റെജിമെന്റ് മോർച്ചയും ആണ് കോടതിയിൽ പൊതുതാൽപര്യ ഹജി സമർപ്പിച്ചത്.

1962 ലെ ഇന്ത്യ‑ചൈന യുദ്ധത്തെക്കുറിച്ചുള്ള സിനിമ മേജർ സിങ്ങിനെ ഏക നായകനായി മഹത്വവൽക്കരിക്കുന്നതിലൂടെ ചരിത്ര സത്യത്തെ വളച്ചൊടിക്കുന്നുവെന്നും അതുവഴി മേജർ സിങ്ങിനൊപ്പം പോരാടി വീരമൃത്യു വരിച്ച സൈനികരുടെ അഭിമാനത്തെ ഇല്ലാതാക്കുന്നുവെന്നും ഹരജിക്കാർ ആരോപിച്ചു.

സിനിമയുടെ നിർമാതാക്കളായ എക്സൽ എന്റർടൈൻമെന്റിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ അഭിനവ് സൂദ് വാദിച്ചത് സെൻസർ ബോർഡും കേന്ദ്ര പ്രതിരോധ മന്ത്രാലയവും സിനിമക്ക് അനുമതി നൽകിയെന്നാണ്. ഹരജി അകാലത്തിലുള്ളതാണെന്നും ട്രെയിലറിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വാദിച്ചു.

Exit mobile version