Site iconSite icon Janayugom Online

കുറ്റവാളികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടെന്ന് കോടതി

ഇന്ത്യന്‍ നിയമവ്യവസ്ഥ അനുസരിച്ച് കുറ്റവാളികളായവര്‍ക്കും വിദ്യാഭ്യാസം തുടരാനുള്ള അവകാശമുണ്ടെന്ന് അലഹബാദ് കോടതി. ജയിലില്‍ കഴിയുമ്പോള്‍ പരീക്ഷയ്ക്ക് പോകുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനും തടസമില്ലെന്നും കോടതി നിരീക്ഷിച്ചു. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ ബിഎ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ആദില്‍ ഖാന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് നീരജ് തിവാരിയുടെ ഉത്തരവ്.
സര്‍വകലാശാലയുടെ അച്ചടക്ക നടപടികളെ ബാധിക്കാത്ത രീതിയില്‍ അധ്യായന വര്‍ഷം നഷ്ടപ്പെടാതെ ഹര്‍ജിക്കാരന് പരീക്ഷയെഴുതാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ അറിയിക്കാന്‍ കോടതി സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കി. ബിഎ എല്‍എല്‍ബി പഞ്ചവത്സര കോഴ്സാണ് ആദില്‍ പഠിച്ചിരുന്നത്. ഏഴാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നെങ്കിലും ഫലം പ്രഖ്യാപിച്ചിരുന്നില്ല. അതിനിടെ 2019 സെപ്റ്റംബര്‍ നാലിന് കേസുമായി ബന്ധപ്പെട്ട് ആദില്‍ ഖാനെ പുറത്താക്കുകയും ചെയ്തു.
ശിക്ഷ നടപ്പാക്കുന്നത് ഒരാളുടെ സ്വഭാവത്തെ പരിഷ്കരിക്കുന്നതിനാണ്. മുന്‍വിധിയോടെയായിരിക്കരുതെന്നും കോടതി നിരീക്ഷിച്ചു. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തത് പ്രതിയുടെ ഭാവി നശിപ്പിക്കുന്നതിന് തുല്യമാണ്. ഹര്‍ജിക്കാരന്‍ യുവ വിദ്യാര്‍ത്ഥിയാണെന്നും തെറ്റ് തിരുത്തി ജീവിതത്തിലെ മികച്ചവഴി കണ്ടെത്താന്‍ അവസരം നല്‍കണമെന്നും കോടതി പറഞ്ഞു. 17ന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും. 

Eng­lish Sum­ma­ry: Court says crim­i­nals also have right to education

You may like this video also

Exit mobile version