കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ കമ്പനി അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവ് പൊളിച്ചുനീക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. പത്തു ലക്ഷം രൂപയുടെ പിഴയും വിധിച്ചു.തീരദേശ നിയന്ത്രണ മേഖലയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റാന്‍ ബ്രിഹന്‍ മുംബൈ കോര്‍പറേഷന് കോടതി നിര്‍ദ്ദേശം നല്‍കി. മുംബൈ ജുഹു മേഖലയിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ബംഗ്ലാവിന്റെ ഉയരം 11 മീറ്ററില്‍ കൂടാന്‍ പാടില്ലെന്നാണ് നിയമം. ഇത് മറികടന്നാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ ആര്‍ ഡി ധനുക, കമാല്‍ ഖട്ട എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സുപ്രീം കോടതിയെ സമീപിക്കാനായി വിധി ആറാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യണമെന്ന നാരായണ്‍ റാണെയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴത്തുക മഹാരാഷ്ട്ര സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറണം.
റാണെയുടെ കുടുംബം നടത്തുന്ന കാല്‍ക റിയല്‍ എസ്റ്റേറ്റ് എന്ന കമ്പനിയാണ് കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാന്‍ സമയം തരണമെന്ന കമ്പനിയുടെ അപേക്ഷ കോര്‍പറേഷന്‍ തള്ളിയിരുന്നു. കെട്ടിടത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് അനധികൃത നിര്‍മ്മാണമെന്നും മറ്റു ഭാഗങ്ങള്‍ നിയമം പാലിച്ചുതന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നുമാണ് കമ്പനി വാദം.
English Summary:Court to demolish Union Minister’s illegal bungalow
You may also like this video