കേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിക്ക് കൂടി ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള സംഘടനയായ യുണിസെഫിന്റെ അഭിനന്ദനം. വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അവിടുത്തെ കുട്ടികളിൽ ഉണ്ടാക്കിയ മാനസികസമ്മർദം വലുതായിരുന്നു. ഈ സാഹചര്യത്തിൽ യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ പ്രകൃതിദുരന്തം നേരിട്ട് അനുഭവിച്ച 400 കുട്ടികളെ കണ്ടെത്തുകയും ഈ കുട്ടികൾക്ക് പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തു എസ്എസ്‌കെയുടെ നേതൃത്വത്തിൽ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഈ നടപടിക്കാണ് അഭിനന്ദനം. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ചെയ്ത നടപടി അഭിനന്ദനാര്‍ഹമാണെന്ന് യുണിസെഫ് ചൂണ്ടിക്കാട്ടി.
‘ഏതൊരു ദുരന്തത്തിലും ദുര്‍ബലരാകുന്നത് കുട്ടികളാണ്. വയനാട്ടിലെ ദുരന്തബാധിതരായ കുട്ടികളോടുള്ള കേരളത്തിന്റെ സമീപനം പ്രശംസനീയമാണ്. ദുരന്തത്തെ അതിജീവിക്കുന്ന, ശിശുസൗഹൃദ കേരളം കെട്ടിപ്പടുക്കുന്നതില്‍ സംസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത യൂണിസെഫ് ഉറപ്പിക്കുന്നു’, യൂണിസെഫ് അറിയിച്ചു. 400 കുട്ടികൾക്കായി 14 പ്രത്യേക പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ സജ്ജമാക്കി. യോഗ്യരായ വിദ്യാ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുകയും പ്രത്യേക പരിശീലനം നൽകുകയും ചെയ്തിരുന്നു. മാനസികസമ്മർദം കുറയ്ക്കുന്നതിനായി ഈ കുട്ടികൾക്ക് പ്രത്യേക പരിശീലനം ലഭിച്ച കൗൺസിലർമാരെ ഉപയോഗിച്ച് കൗൺസിലിങ് ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികളിൽ ഉണ്ടായ മാനസിക സാമൂഹിക പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്തു. അത്യാവശ്യം വേണ്ട കുട്ടികൾക്ക് അക്കാദമിക പിന്തുണയും ഉറപ്പാക്കി. സ്കൂളിലെ അധ്യാപകർക്കും കുട്ടികളുടെ രക്ഷകർത്താക്കൾക്കും കൗൺസിലിങ് പരിപാടികളും നടത്തിയിരുന്നു. നേരത്തെ കേരളത്തിലെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളെ യുണിസെഫ് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ പ്രത്യേകം അഭിനന്ദിച്ചിരുന്നു.

