Site icon Janayugom Online

കോവാ‌ക്സിന്‍ പരീക്ഷണ വിവരങ്ങള്‍ കെെമാറിയില്ല; ഐസിഎംആറിന് സിഐസിയുടെ വിമർശനം

കോവാ‌ക്സിന്‍ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കെെമാറാത്തതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെ (ഐസിഎംആര്‍) വിമര്‍ശിച്ച് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ (സിഐസി).കോവിഡ് ദൗത്യസേനയുടെ പ്രവർത്തനങ്ങളും വാ‌ക്‌സിന്‍ ഉല്പാദനത്തിനായി ഐസിഎംആറിന് ഭാരത് ബയോടെക്കുമായുള്ള സഹകരണത്തിന്റെ വിവരങ്ങളും ആവശ്യപ്പെട്ട് അനികേത് ആഗ എന്ന യുവാവ് ഐസിഎംആറിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി കൃത്യമായി കെെമാറാത്തതാണ് വിവരാവകാശ കമ്മിഷനെ ചൊടിപ്പിച്ചത്. 

വിവരാവകാശ നിയമത്തിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്ത നടപടിയാണ് ഐസിഎംആറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അപേക്ഷകൾ നിരസിച്ചതിന്റെ വിശദീകരണങ്ങൾ നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഐസിക്ക് അനികേത് ആഗ പരാതി നല്‍കിയത്. പരാതി പരിശോധിച്ച ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷനായ വെെ കെ സിന്‍ഹ ഐസിഎംആറിലെ വിവരാവകാശ ഉദ്യോഗസ്ഥനോട് കുറച്ചുകൂടി ഉത്തരവാദിത്വത്തോടുകൂടി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥന്റെ വിശദീകരണത്തിലും അതൃപ്തി രേഖപ്പെടുത്തി.

പരാതിക്കാരനായ അനികേത് ആഗ വിവരാവകാശ നിയമപ്രകാരം രണ്ട് അപേക്ഷകള്‍ക്ക് മറുപടി ആവശ്യപ്പെട്ടാണ് ഐസിഎംആറിനെ സമീപിക്കുന്നത്. 2021 മെയ് മൂന്നിന് ദേശീയ ദൗത്യ സേനയുടെയും കോവിഡ് 19 ദൗത്യ സേനയുടെയും കീഴില്‍ നടത്തിയ എല്ലാ യോഗങ്ങളുടെയും മിനുട്ട്സ് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മറുപടി നല്‍കാന്‍ ഐസിഎംആര്‍ തയാറായില്ല. വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ട് സെപ്റ്റംബര്‍ ഒന്നിന് ഐസിഎംആറിന്റെ വിവരാവകാശ ഉദ്യോഗസ്ഥനെ സമീപിച്ചപ്പോഴും സമാനമായ നടപടിയാണ് ഉണ്ടായത്.

ആഗയുടെ രണ്ടാമത്തെ വിവരാവകാശ അപേക്ഷയിൽ, കോവാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായി ഒപ്പിട്ട രണ്ട് കരാറുകളുടെ പകർപ്പും ഇതിനായി ചെലവഴിച്ച മൊത്തം തുകയും മറ്റു ചെലവുകളുടെ കണക്കുകളുമാണ് ആവശ്യപ്പെട്ടത്. പാർലമെന്റിൽ കരാർ വിവരങ്ങൾ പരസ്യപ്പെടുത്തിയതുകൊണ്ടു തന്നെ ഇതിന് ഐസിഎംആർ വിശദീകരണം നൽകേണ്ടതാണ്. എന്നാൽ ഐസിഎംആറിന്റെ വിവരാവകാശ ഉദ്യോഗസ്ഥൻ സാങ്കേതിക കാരണങ്ങൾ നിരത്തി നടപടിയെ ന്യായീകരിച്ചെന്ന് സിഐസിക്ക് അനികേത് ആഗ സമർപ്പിച്ച പരാതി ചൂണ്ടിക്കാട്ടുന്നു. വിവരങ്ങൾ ലഭ്യമല്ലാത്തതു മൂലമാണ് കെെമാറാതിരുന്നതെന്നാണ് വിവരാവകാശ ഉദ്യോഗസ്ഥന്റെ വിശദീകരണം. ചീഫ് ഇൻഫർമേഷൻ കമ്മിഷൻ ഇടപെട്ട് കോവാക്സിൻ കരാറിന്റെ രേഖകൾ ആഗയ്ക്ക് കെെമാറി. അനികേത് ആഗയുടെ മറ്റ് ചോദ്യങ്ങളുടെ മറുപടി നവംബർ 15ന് മുമ്പ് നൽകണമെന്ന് ഐസിഎംആറിന്റെ എപ്പിഡെമിയോളജി, സാംക്രമിക രോഗ വിഭാഗം മേധാവി സമീറൻ പാണ്ഡയോട് നിർദ്ദേശിക്കുകയും ചെയ്തു.
eng­lish summary;Covaxin test data were not changed; CIC’s Crit­i­cism of ICMR
you may also like this video;

Exit mobile version