രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ചുചേര്‍ത്ത സംസ്ഥാന‑കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. കോവിഡ് പ്രതിരോധത്തിനുള്ള ആശുപത്രികളിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കണം. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ പത്തോ അതിലധികമോ ജില്ലകളിലാണ് പത്ത് ശതമാനത്തിലധികം കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, ഹരിയാന എന്നിവിടങ്ങളിലെ അഞ്ച് ജില്ലകളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം കടന്നിട്ടുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കോവിഡ് 19 വ്യാപന തോത് ഏഴു മടങ്ങായി വര്‍ധിച്ചു. പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഈ ആഴ്ചയില്‍ 3.02 ശതമാനമായി. ഇന്നലെ അവസാനിച്ച ആഴ്ചയില്‍ പ്രതിദിന കോവിഡ് കേസുകളുടെ ശരാശരി 4,188 ആണ്. മാര്‍ച്ച് 17ന് അവസാനിച്ച ആഴ്ചയിലെ കണക്കുകള്‍ പ്രകാരം പ്രതിദിന ശരാശരി 571 മാത്രമായിരുന്നു. എക്‌സ്ബിബി 1.16 ഒമിക്രോണ്‍ വകഭേദമാണ് നിലവിലെ രോഗവ്യാപനത്തിന് കാരണം. ഫെബ്രുവരിയില്‍ ഇതിന്റെ വ്യാപന തോത് 21.6 ആയിരുന്നത് മാര്‍ച്ചില്‍ 35.8 ശതമാനമായി കൂടി.
കോവിഡ് പ്രതിരോധത്തിനുള്ള ആദ്യ രണ്ടു വാക്‌സിനേഷനുകള്‍ രാജ്യത്തെ 90 ശതമാനം പേര്‍ക്ക് നല്‍കി നേട്ടം കൈവരിക്കാനായെങ്കിലും മുന്‍ കരുതല്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ ഇത് 27 ശതമാനം മാത്രമാണ്. മുതിര്‍ന്നവര്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും കരുതല്‍ വാക്‌സിനേഷന്‍ നല്‍കുന്നത് ഊര്‍ജിതമാക്കണമെന്നും യോഗത്തില്‍ ആരോഗ്യ മന്ത്രി മാണ്ഡവ്യ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
English SUmmary: covid updates
You may also like this video