Site iconSite icon Janayugom Online

കോവിഡ് ബിഎ.2.86; 35 സ്പൈക്ക് പ്രോട്ടീന്‍ ജനിതകമാറ്റങ്ങള്‍

പുതുതായി കണ്ടെത്തിയ ബിഎ.2.86 കോവിഡ് ഉപവകഭേദത്തിന് എക്സ്ബിബി, ഇജി വകഭേദത്തേക്കാള്‍ ശക്തി കുറവെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണ്‍ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ചുണ്ടായതാണ് ബിഎ.2.86 അഥവാ പിരോള, ഇതുവരെ നാല് ഭൂഖണ്ഡങ്ങളിലായി 29 കോവിഡ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ക്ക് പുറമെ മലിനജലത്തിലും ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ബിഎ.2.86, വൈറസിന്റെ മുൻ പതിപ്പുകളിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. നേരത്തെയുള്ള അണുബാധകളിലൂടെയും വാക്സിനേഷനിലൂടെയും ശരീരത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആന്റിബോഡികള്‍ക്കെതിരെ ഇജി വകഭേദത്തേക്കാള്‍ പ്രതിരോധം കാണിക്കുന്നുണ്ടെങ്കിലും രോഗം പകരുന്നതിനുള്ള സാധ്യത എക്സ്ബിബി.1.5, ഇജി.5 എന്നിവയെക്കാൾ പിരോളയ്ക്ക് കുറവാണെന്ന് പെക്കിങ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യുൻലോങ് റിച്ചാർഡ് കാവോ ചൂണ്ടിക്കാട്ടി. 

പുതിയ കോവിഡ് വാക്സിനുകള്‍ പോലും ബിഎ.2.86 പിരോള വകഭേദത്തിന് നേരെ ഫലപ്രദമാകില്ലെന്നാണ് വിലയിരുത്തല്‍. നേരത്തെ എക്സ്ബിബി.1.5 നെതിരെ തയ്യാറാക്കിയ വാക്സിന്‍ പുതിയ വകഭേദത്തെ തടയാനാകുമെന്ന് യുഎസ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. വൈറസിന്റെ മുന്‍ പതിപ്പായ എക്സ്ബിബി.1.5 ല്‍ നിന്നും 35 സ്പൈക്ക് പ്രോട്ടീന്‍ ജനിതകമാറ്റങ്ങള്‍ പുതിയ വകഭേദത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാരണത്താത്തന്നെ ആരോഗ്യരംഗത്ത് പുതിയ വകഭേദം വലിയ വെല്ലുവിളിയാണ്.
പുതിയ കോവിഡ് ബാധകളില്‍ ഏതാനും പുതിയ രോഗലക്ഷണങ്ങളും കാണിക്കുന്നുണ്ട്. ശരീരത്ത് തടിച്ച പാടുകള്‍, കണ്ണില്‍ ചുവപ്പ്, വയറിളക്കം തുടങ്ങിയവ. നിലവില്‍ ഡബ്ല്യുഎച്ച്ഒ ഇതിനെ നിരീക്ഷിക്കേണ്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ കോവിഡ് വകഭേദങ്ങളുടെ ആവിര്‍ഭാവത്തോടെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വീണ്ടും വാക്സിന്‍ ബൂസ്റ്റര്‍ ഷോട്ട് നല്‍കാന്‍ തയ്യാറെടുക്കുകയാണ്. പുതിയ കോവിഡ് തരംഗത്തിന് സാധ്യതയുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുകെ അടക്കമുള്ള രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്.

Eng­lish Sum­ma­ry: Covid BA.2.86; 35 spike pro­tein mutations

You may also like this video

Exit mobile version