സംസ്ഥാനത്ത് കോവിഡ് കേസുകൾ നേരിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദേശം. കോവിഡ് കേസുകൾ വർധിക്കുന്നത് മുന്നിൽ കണ്ടുള്ള സർജ് പ്ലാനുകൾ എല്ലാ ജില്ലകളും തയ്യാറാക്കി. സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആർസിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികൾ എന്നിവർ കോവിഡ് രോഗികൾക്കായി പ്രത്യേകമായി കിടക്കകൾ മാറ്റിവയ്ക്കണം. ആവശ്യകത മുന്നിൽ കണ്ട് പരിശോധനാ കിറ്റുകൾ, സുരക്ഷാ സാമഗ്രികൾ എന്നിവ സജ്ജമാക്കാൻ കെഎംഎസ്‌സിഎൽന് നിർദേശം നൽകി.
സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷൻ വാർഡുകളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നൽകാനും നിര്‍ദേശം നല്‍കി. പൂർത്തിയാക്കാനുള്ള ഐസൊലേഷൻ വാർഡുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കും.
സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരും, ഗർഭിണികളും, പ്രായമായവരും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇവര്‍ മാസ്ക് ധരിക്കണം.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫിസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്നലെ 765 കേസുകള്‍
സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 765 കോവിഡ് കേസുകള്‍. സംസ്ഥാനത്ത് ഫെബ്രുവരിയിൽ കേസുകൾ തീരെ കുറവായിരുന്നു. മാർച്ച് മാസത്തോടെയാണ് കേസുകളിൽ നേരിയ വർധനവുണ്ടായത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതിൽ 60 വയസിന് മുകളിലുള്ളവരാണ് അധികവും. ഐസിയുവിൽ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. ജനിതക പരിശോധനയ്ക്ക് അയച്ചതിൽ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്.
English Summary: covid case, masks mandatory for pregnant women and those with lifestyle diseases
You may also like this video