Site icon Janayugom Online

ഡല്‍ഹിയിലും മുംബൈയിലും കോവിഡ് കേസുകള്‍ ഉയരുന്നു

ഒരിടവേളയ്ക്ക് ശേഷം മെട്രോ നഗരങ്ങളായ മുംബൈയിലും ഡല്‍ഹിയിലും കോവിഡ് കേസുകള്‍ കൂടുന്നു . ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം മുംബൈയില്‍ കോവിഡ് കേസുകളില്‍ മൂന്ന് മടങ്ങ് വര്‍ധന രേഖപ്പെടുത്തി.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പുതുതായി കോവിഡ് ബാധിച്ചത് 299 പേര്‍ക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ രണ്ട് മാസമായി കോവിഡ് കേസുകളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ജനുവരി 13 നാണ് ഇതിന് മുമ്പ് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. അന്ന് 28,867 പേര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്.

ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുമെന്നും ഇപ്പോള്‍ പോസിറ്റിവിറ്റി നിരക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ കോവിഡ് കേസുകളില്‍ മൂന്ന് ദിവസത്തിനിടെ മൂന്ന് മടങ്ങിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 26 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച അത് 73 ആയി വര്‍ധിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി 0.73 ശതമാനം കൂടി. മാസ്ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചത് കേസുകള്‍ കൂടാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

Eng­lish summary;covid cas­es are on the rise in Del­hi and Mumbai

You may also like this video;

Exit mobile version