രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ കുതിപ്പ്. 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 7,500 കേസുകളാണ്. കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് ഓർമ്മിപ്പിച്ച് കേന്ദ്രം കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ 40 ശതമാനം വർധനയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയത്. പരിശോധനയും വാക്സിനേഷനും കൂട്ടാനാണ് കേന്ദ്രത്തിന്റെ നിർദേശം. മാസ്ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
മാർച്ച് ഒന്നിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരം കടന്നത് ഇന്നലെയായിരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകൾ. മഹാരാഷ്ട്രയിൽ ജനുവരി 25ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
രോഗവ്യാപനം കൂടുതലാണെങ്കിലും സംസ്ഥാനത്ത് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ പതിനായിരത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളവും മഹാരാഷ്ട്രയും കൂടാതെ ഡല്‍ഹി, ബംഗാൾ, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കോവിഡ് കേസുകൾ വർധിച്ചു.
ഡല്‍ഹിയിൽ മാസങ്ങൾക്ക് ശേഷം അഞ്ഞൂറിലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. നൂറിന് മുകളിൽ കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി.
English summary;covid cases in the country at the highest rate in 100 days; 7,584 patients per day
You may also like this video;