Site icon Janayugom Online

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; എക്‌സ്‌എക്‌സ്ബി വകഭേദം, ജാഗ്രത

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പത്ത് ദിവസത്തിനിടെ കോവിഡ് കേസുകളില്‍ 17 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം കോവിഡിന്റെ എക്‌സ്‌എക്‌സ്ബി വകഭേദമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

താനെ, പുനെ, റായ്ഗഡ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.എക്‌സ്‌എക്‌സ്ബി വകഭേദം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അടക്കം പാലിച്ച്‌ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സ്‌പൈക് പ്രോട്ടീനില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

17 രാജ്യങ്ങളില്‍ എക്‌സ്‌എക്‌സ്ബി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബിഎ.2.75, ബിജെ.വണ്‍ ഉപവകഭേദങ്ങളെ അപേക്ഷിച്ച്‌ വ്യാപനശേഷി കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച 90 ശതമാനം പേര്‍ക്കും രോഗം ബാധിക്കാന്‍ കാരണം ബിഎ.2.75 വകഭേദമാണ്. സിംഗപ്പൂരില്‍ ഓഗസ്റ്റിലാണ് എക്‌സ്‌എക്‌സ്ബി വകഭേദം കണ്ടെത്തിയത്. ഈ വകഭേദം രോഗപ്രതിരോധശേഷിയെ മറികടന്നേക്കുമെന്നാണ് വിദഗ്ധര്‍ ഭയക്കുന്നത്. ഇത് അണുബാധയ്ക്കും കാരണമായേക്കാം.

Eng­lish Summary:Covid cas­es rise again in the coun­try; XXB variant
You may also like this video

Exit mobile version