ലോകത്തെ കോവിഡ് മരണങ്ങള്‍ അറുപത് ലക്ഷം പിന്നിട്ടു. ചൊവ്വാഴ്ച 60,07,367 മരണങ്ങള്‍ ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 44. 78 കോടിയാണ്.
മഹാമാരി ആരംഭിച്ച് ഏഴ് മാസങ്ങള്‍ക്കുള്ളിലാണ് പത്ത് ലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നാലു മാസങ്ങള്‍ക്കു ശേഷം ഇത് 20 ലക്ഷമായി ഉയര്‍ന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബറില്‍ 50 ലക്ഷം മരണ സംഖ്യയില്‍ എത്തുന്നതുവരെ ഓരോ മൂന്നു മാസങ്ങളിലും പത്ത് ലക്ഷം മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മരണ സംഖ്യ 50 ലക്ഷത്തില്‍ നിന്നും 60 ലക്ഷത്തിലേക്ക് അഞ്ച് മാസത്തെ കാലയളവാണ് വേണ്ടിവന്നത്.
മരണ നിരക്ക് കൂടുതല്‍ വാക്സിനെടുക്കാത്തവരിലാണെന്ന് ലോകാരോഗ്യ സംഘടനയിലെ ഗവേഷണ വിഭാഗം മുന്‍ ഡയറക്ടറായിരുന്ന ടിക്കി പാങ് പറയുന്നു. അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
യഥാര്‍ത്ഥ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കിനേക്കാള്‍ നാലിരട്ടി വരുമെന്ന് ഔര്‍ വേള്‍ഡ് ഇന്‍ ഡാറ്റാ പോര്‍ട്ടല്‍ മേധാവി എഡ്വേര്‍ഡ് മാത്യു പറയുന്നു. അതേസമയം അധിക മരണങ്ങള്‍ 1.41 കോടി മുതല്‍ 2.38 കോടി വരെ ആയേക്കാമെന്ന് ദി ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
English Summary: Covid death in the world crosses 60 lakh
You may like this video also