Site iconSite icon Janayugom Online

കോവിഡ് വ്യാപനം രൂക്ഷം: പ്രചരണത്തിനായി പുതിയ മാര്‍ഗ്ഗങ്ങളുമായി രാഷട്രീയ പാര്‍ട്ടികള്‍

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രാഷട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനായി പുതിയ രീതികള്‍ തേടുന്നു. വിവിധ സംസ്ഥാനങ്ങളിലേക്ക് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണത്തിനായി പുതിയ മാര്‍ഗങ്ങള്‍ ആലോചിക്കുന്നത്.

പരസ്യ പ്രചരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് പാര്‍ട്ടികള്‍. യുപിയില്‍ കോണ്‍ഗ്രസാണ് ഈ നടപടി ആദ്യം തുടങ്ങിയത്. സംസ്ഥാനത്തെ എല്ലാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളും പൊതുയോഗങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി വച്ചിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടിയും ബിജെപിയും എല്ലാം പല പരിപാടികളും മാറ്റിവച്ചു. ബിജെപി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ലഖ്‌നൗവില്‍ പങ്കെടുക്കേണ്ട പരിപാടി മാറ്റിവച്ചിരിക്കുകയാണ്. നോയിഡയില്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ആദിത്യനാഥ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയും മാറ്റി.

സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്തുടനീളം നടത്തുന്ന വിജയ് രഥ് യാത്രയുടെ രണ്ട് ദിവസത്തെ ഷെഡ്യൂള്‍ മാറ്റിയിട്ടുണ്ട്. ജനുവരി ഏഴ്, ഏട്ട് തീയതികളില്‍ അയോധ്യയില്‍ നടക്കേണ്ട വിജയ് രഥ് യാത്രയുടെ പതിനൊന്നാം ഘട്ടമാണ് മാറ്റിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് യാത്ര നയിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്തെ പരിപാടികള്‍ മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സോഷ്യല്‍ മീഡിയ സെല്ലുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബിജെപി എസ് പി, ബിഎസ് പി, കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം വിര്‍ച്വല്‍ റാലി നടത്താനുള്ള തയ്യാറെടുപ്പിലാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും സജീവമാകാനും അണികളോട് പാര്‍ട്ടികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളും റോഡ് ഷോകളും വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി എസ് പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം പ്രചാരണം ആരംഭിക്കാനാണ് ബി എസ് പി അധ്യക്ഷ മായാവതി ആലോചിക്കുന്നത്. വിര്‍ച്വല്‍ യോഗങ്ങള്‍ക്കായി തങ്ങളും തയ്യാറാണെന്നാണ് സമാജ് വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറയുന്ന്. ദേശീയ നേതാക്കള്‍ക്കും ഭാരവാഹികള്‍ക്കും ഒപ്പം മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായും അനുഭാവികളുമായും ഡിജിറ്റല്‍ മീഡിയ നിരന്തരം വഴി സംവദിക്കുന്നുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അഹമ്മദാബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകളും നടത്തരുതെന്ന് രാഷ്ട്രീയപാര്‍ട്ടികളോട് നീതി ആയോഗ് അംഗവും കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവിയുമായ ഡോ. വി കെ പോളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റാലികള്‍ക്ക് അനുമതി കൊടുക്കാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.

Eng­lish Sumam­ry: covid Expan­sion: Polit­i­cal Par­ties with New Ways to Propagate

You may also like this video:

Exit mobile version