Site iconSite icon Janayugom Online

കോവിഡ് ബാധിച്ചാല്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയേറും

കോവിഡ് ബാധിച്ച് മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. മെഡിക്കല്‍ ജേര്‍ണലായ ദി ബിഎംജെയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ആദ്യത്തെ രണ്ട് മാസങ്ങളോളം ചിലരില്‍ രക്തസ്രാവവും ഉണ്ടാകുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ച് മൂന്ന് മാസങ്ങള്‍ക്കു ശേഷം കാലുകളിലെ ഞെരമ്പുകളില്‍ രക്തം കട്ടപിടിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ആറുമാസത്തിനു ശേഷം ശ്വാസകോശങ്ങളിലും രക്തം കട്ടപിടിക്കുന്ന കേസുകളും ഉണ്ടായതായി സ്വീഡനിലെ ഉമിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. 

മറ്റ് അസുഖങ്ങളോ ഗുരുതരമായ കോവിഡ് ലക്ഷണങ്ങളോ ഉള്ളവരിലാണ് ഈ അവസ്ഥകള്‍ കൂടുതലായി കണ്ടെത്തിയത്. രണ്ടും മൂന്നും കോവിഡ് തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നാം തരംഗത്തിലാണ് ഇത്തരത്തില്‍ കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം രക്തം കട്ടപിടിക്കുന്നതടക്കമുള്ള കോവിഡാനന്തര അവസ്ഥകള്‍ എത്ര സമയത്തേക്ക് തുടരുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. 

2020 ഫെബ്രുവരി മുതല്‍ 2021 മെയ് വരെയുള്ള കാലയളവില്‍ രോഗം ബാധിച്ച 10 ലക്ഷം പേരുടെയും കോവിഡ് ബാധിക്കാത്ത 40 ദശലക്ഷം പേരുടെയും മെഡിക്കല്‍ റെക്കോര്‍ഡുകള്‍ താരതമ്യം ചെയ്താണ് ഗവേഷകര്‍ പഠനം നടത്തിയത്. കോവിഡ് ബാധിച്ച ആദ്യമാസത്തില്‍ തന്നെ രക്തസ്രാവത്തിനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനത്തില്‍ കണ്ടെത്തി. കോവിഡ് ബാധിച്ചവരില്‍ ധമനികളില്‍ രക്തംകട്ടപിടിക്കുവാനുള്ള സാധ്യത അ‍ഞ്ച് മടങ്ങ് കൂടുതലാണ്. ശ്വാസകോശ രോഗങ്ങളുടെ കാര്യത്തില്‍ ഇത് 33 മടങ്ങാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വാക്സിന്‍ സ്വീകരിക്കുന്നത് ഇത്തരത്തിലുള്ള ഗുരുതരമായ രോഗാവസ്ഥകളില്‍ നിന്ന് സുരക്ഷ നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു. 

Eng­lish Summary:Covid is infect­ed, there is a risk of blood clotting
You may also like this video

Exit mobile version