കോവിഡ് മഹാമാരി ഭൂമുഖത്തു നിന്ന് കവർന്നത് 28.1 ദശലക്ഷം ജീവിത വർഷങ്ങൾ. ശാസ്ത്രവളർച്ചയുടെ ഭാഗമായി വർധിച്ചുവരുന്ന ആയുർദെെർഘ്യത്തിൽ നിന്നാണ് ഇത്രയും വർഷങ്ങൾ മഹാമാരി തുടച്ചു നീക്കിയതെന്ന് പഠനങ്ങൾ പറയുന്നു. 37 രാജ്യങ്ങളിലും ചില ഭൂപ്രദേശങ്ങളിലും നടത്തിയ സർവേ അനുസരിച്ച് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജേണലായ ബിജെഎം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം 31 രാജ്യങ്ങളിലെ ആയുർദൈർഘ്യം കുറഞ്ഞു. എന്നാൽ ന്യൂസിലാൻഡും തായ്‌വാനും ഉൾപ്പെടെ കോവിഡ് 19 നെ വിജയകരമായി അകറ്റിനിർത്തിയ ചുരുക്കം ചില രാജ്യങ്ങളിലെ ജനതയിൽ ആയുർദെെർഘ്യത്തിൽ കുറവുണ്ടായില്ല. ഓരോ പ്രായപരിധിയിലും മരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിൽ, അവരുടെ പ്രായത്തിൽ ശരാശരി ആളുകൾ എത്രകാലം ജീവിക്കും എന്നതിന്റെ സൂചനയാണ് ആയുർദൈർഘ്യം. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം, പ്രായം എന്നിവ തുലനം ചെയ്താണ് നഷ്ടവർഷങ്ങൾ കണക്കാക്കിയിട്ടുള്ളത്. മരണം മൂലം നഷ്ടപ്പെട്ട ജീവിതത്തിന്റെ അധിക വർഷങ്ങളാണ് നഷ്ടത്തിൽ ചേർക്കുക.
37 രാജ്യങ്ങളിലും ചില ദ്വീപപ്രദേശങ്ങളിലും നടത്തിയ പഠനത്തിൽ, മിക്ക സ്ഥലങ്ങളിലും മഹാമാരി ഒരു കൊലക്കളമാണ് തീർത്തതായി കണ്ടെത്തിയതെന്ന് ബിഎംജെ ജേണൽ പറയുന്നു. റഷ്യ, ബൾഗേറിയ, ലിത്വാനിയ, യുഎസ്, പോളണ്ട് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു വർഷം കൊണ്ട് 28 ദശലക്ഷത്തിലധികം ജീവിത വർഷം നഷ്ടപ്പെട്ടു. റഷ്യ, ബൾഗേറിയ, ലിത്വാനിയ, യുഎസ്, പോളണ്ട് എന്നിവിടങ്ങളിലാണ് നഷ്ടം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. തായ്‌വാൻ, ന്യൂസിലാൻഡ്, നോർവേ, ഐസ് ലാൻഡ്, ഡെൻമാർക്ക്, ദക്ഷിണ കൊറിയ എന്നീ രാഷ്ട്രങ്ങളൊഴികെ എല്ലായിടത്തും 2020‑ൽ നഷ്ടപ്പെട്ട ജീവിത വർഷങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതലാണ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജിസ്റ്റും മെഡിക്കൽ സ്റ്റാറ്റിസ്റ്റിഷ്യനുമായ നസ്റുൽ ഇസ് ലാമിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
2015 ൽ ഇൻഫ്ലുവൻസ മൂലം നഷ്ടപ്പെട്ടതിനേക്കാൾ അഞ്ചിരട്ടിയിലേറെയാണ് കോവിഡ് 19 മൂലം നഷ്ടപ്പെട്ട ജീവിതങ്ങളുടെ എണ്ണം. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ശേഷം ലോകത്ത് ഏറ്റവും അധികമാളുകളുടെ ജീവനെടുത്ത മൂന്നാമത്തെ രോഗമായി മാറിയിരിക്കുകയാണ് കോവിഡ്-19.ലോകത്തെ ദരിദ്ര രാജ്യങ്ങളെ മാത്രമല്ല, അതിസമ്പന്നമായ രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനത്തിൽ മികവ് പുലർത്തുന്ന രാഷ്ട്രങ്ങളിലെയും നിരവധി ജീവനുകളാണ് മഹാമാരിയെ തുടർന്ന് ഇല്ലാതായത്. മരണസംഖ്യയിലെ പകുതിയിലധികവും യുഎസ്, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൺ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിൽ മാത്രം ഏഴ് ലക്ഷത്തിലധികം പേർ കൊറോണയ്ക്ക് കീഴടങ്ങിയിട്ടുണ്ട്. ലോകത്തിലേറ്റവുമധികം പേർ വൈറസ് ബാധിച്ച് മരിച്ചതും യുഎസിലാണ്. 7,45,800 മരണം അമേരിക്കയിൽ സംഭവിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്.
English Summary: covid lifespan lost
You may like this video also