Site iconSite icon Janayugom Online

കോവിഡ്: രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെടുന്നതായി പഠനം

കോവിഡ് ഭേദമായതിനു ശേഷവും നിരവധി പേര്‍ക്ക് രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെട്ടതായി കണ്ടെത്തല്‍. ലോകത്ത് കോവിഡ് ഭേദമായ 27 ദശലക്ഷം (അഞ്ച് ശതമാനം) പേരില്‍ ഇത്തരം ലക്ഷണം കണ്ടെത്തിയതായി മെഡിക്കല്‍ ജേണലായ ‘ദ ബിഎംജെ‘യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സിംഗപ്പുര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെയും ലണ്ടന്‍ കിങ്സ് കോളജിലെയും ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്.

ലോകത്ത് ഇതുവരെ 550 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ കുറഞ്ഞത് 15 ദശലക്ഷം കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായ 12 ദശലക്ഷത്തിനും ദീര്‍ഘകാലം രുചിയും മണവും നഷ്ടപ്പെട്ടേക്കാമെന്ന് കണക്കാക്കുന്നതായി ഗവേഷകര്‍ പറയുന്നു. ആദ്യ രണ്ട് കോവിഡ് തരംഗങ്ങളിലും മുംബൈയില്‍ കോവിഡ് ബാധിച്ച എല്ലാവരിലും കണ്ടെത്തിയ പ്രധാന രോഗലക്ഷണം മണം നഷ്ടപ്പെടല്‍ ആയിരുന്നുവെന്ന് ബയ്ക്കുള ജെ ജെ ആശുപത്രി തലവന്‍ ഡോ. ശ്രീനിവാസ് ചവാന്‍ പറയുന്നു.

അതേസമയം കോവിഡ് ഭേദമായിട്ടും ഇപ്പോഴും മണവും രുചിയും തിരിച്ചുകിട്ടാത്ത നിരവധി പേര്‍ ചികിത്സയ്ക്കെത്തുന്നുണ്ടെന്ന് ഇഎന്‍ടി വിഭാഗത്തിലെ ഡോ. വികാസ് അഗര്‍വാള്‍ പറയുന്നു. ചിലര്‍ക്ക് മണം ഭാഗികമായി തിരിച്ചുകിട്ടിയെങ്കിലും വിപരീത ഫലമാണ് അനുഭവപ്പെട്ടത്. രോഗികളില്‍ ഒരാള്‍ പുഷ്പം മണത്തപ്പോള്‍ വെളുത്തുള്ളിയുടെ മണമാണ് കിട്ടിയതെന്ന് പറഞ്ഞതായും അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

മണവും രുചിയും നഷ്ടപ്പെടുന്നത് ജീവിത നിലവാരത്തിലും പൊതുവായ ആരോഗ്യത്തിലും പ്രതിസന്ധി ഉണ്ടാക്കുമെന്നും
ഇത് ദീർഘകാല കോവിഡിന്റെ പ്രത്യാഘാതം വര്‍ധിപ്പിക്കുമെന്നും ബിഎംജെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Eng­lish summary;Covid: Long-term loss of taste and smell, study

You may also like this video;

Exit mobile version