Site iconSite icon Janayugom Online

കോവിഡ് ഉത്ഭവം: വുഹാന്‍ ലാബ് സിദ്ധാന്തത്തിന് തെളിവില്ലെന്ന് യുഎസ് ഇന്റലിജന്‍സ്

കോവിഡ് വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്നതിന് കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കോവിഡിന്റെ ഉത്ഭവം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്റലിജന്‍സ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. കോവിഡ് വൈറസ്, ലാബില്‍ നിന്ന് ഉത്ഭവിച്ചതാണോ അല്ലെങ്കില്‍ സ്വാഭാവികമായി രൂപപ്പെട്ടതാണോ എന്ന് നിര്‍ണയിക്കാന്‍ ഒരു ഏജൻസിക്കും സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിപുലമായ അന്വേഷണം നടത്തിയെങ്കിലും ഒരു ചോര്‍ച്ചയിലൂടെ വൈറസ് പുറത്തുവന്നുവെന്ന അഭ്യൂഹങ്ങൾക്കുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ല.
കോവിഡ് മഹാമാരി ലോകം മുഴുവന്‍ വ്യാപിച്ചതിന് പിന്നാലെ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിലുണ്ടായ പൊട്ടിത്തെറിയാണെന്ന ആരോപണം ശക്തമായിരുന്നു. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണള്‍ഡ് ട്രംപ് അടക്കം ആരോപണമുന്നയിച്ചിരുന്നു. പിന്നാലെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ചൈനയില്‍ നിന്നടക്കം പുറത്ത് വന്നു. കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് ചോർന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനയുടെ മുൻ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മേധാവി പ്രൊഫസര്‍ ജോര്‍ജ്ജ് ഗാവോ ആരോപിച്ചിരുന്നു.
ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നേരത്തെ യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയും പലതവണ പുറത്തിറക്കി. ശത്രുരാജ്യങ്ങളെ തകർക്കാൻ ലക്ഷ്യം വെച്ച് ചൈന നിർമിച്ച വൈറസാണെന്നുള്ള ആരോപണങ്ങൾ ശക്തമായിരുന്നു.
2019 ഡിസംബറിലാണ് ചൈനയിലെ വുഹാനിൽ നിന്നും കോവിഡ് വൈറസ് ഉത്ഭവിക്കുന്നത്. വുഹാനിലെ ചന്തയാണ് വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ. വൈറസുകളെ കുറിച്ച് പഠിക്കുന്ന ഗവേഷണ കേന്ദ്രമായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനവും വുഹാനിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വൈറസ് ലബോറട്ടറിയിൽ നിന്നും ചോർന്നതാകാമെന്ന സംശയമാണ് പിന്നീട് ഉണ്ടായത്.

eng­lish summary;Covid ori­gin: US intel­li­gence finds no evi­dence for Wuhan lab theory

you may also like this video;

Exit mobile version