Site icon Janayugom Online

കോവിഡ് കവര്‍ന്ന വാത്സല്യം: അച്ഛനോ അമ്മയോ ഇല്ലാതായത് ഇന്ത്യയിലെ 19 ലക്ഷം കുട്ടികള്‍ക്ക്

covid

കോവിഡില്‍ ഇന്ത്യയിലെ 19.2 ലക്ഷം കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടമായി. കോവിഡ് രോഗവ്യാപനം ആരംഭിച്ച 2020 മാര്‍ച്ചിനും 2021 ഒക്ടോബറിനും ഇടയിലുള്ള 20 മാസത്തിനിടയില്‍ ലോകത്താകെ ഇത്തരത്തില്‍ രക്ഷകര്‍ത്താക്കളില്‍ ഒരാളെയെങ്കിലും നഷ്ടപ്പെട്ട കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നും ലാന്‍സെറ്റ് ചൈല്‍ഡ് ആന്റ് അഡോളെസെന്റ് ഹെല്‍ത്ത് പഠനം വ്യക്തമാക്കുന്നു.

ലോകത്ത് 52 ലക്ഷം കുട്ടികള്‍ക്കാണ് ഈ കാലയളവില്‍ മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടത്. ലോകത്ത് കോവിഡിനെത്തുടര്‍ന്ന് 33 ലക്ഷം കുട്ടികള്‍ അനാഥരായെന്നും ഇതിന് പുറമെ 18.3 ലക്ഷം കുട്ടികളുടെ മുത്തച്ഛനോ മുത്തശ്ശിയോ, പ്രായമായ രക്ഷകര്‍ത്താവോ മരണപ്പെട്ടുവെന്നും പഠനം വെളിപ്പെടുത്തുന്നു. ആയിരത്തില്‍ 8.3 കുട്ടികള്‍ക്ക് കോവിഡില്‍ അനാഥത്വം നേരിടേണ്ടിവന്ന പെറുവാണ് കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ ഇത് ആയിരത്തില്‍ ഏഴ് ആണ്.

2021 മെയ് ഒന്ന് മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം, അതിന് മുമ്പുള്ള 14 മാസക്കാലത്തെക്കാള്‍ ഇരട്ടിയോളമാണ്. എന്നാല്‍, ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിലെ കണക്ക് പ്രകാരം കോവിഡില്‍ അനാഥരായ 3890 കുട്ടികള്‍ മാത്രമാണ് വനിത‑ശിശുവികസനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലാന്‍സെറ്റ് പഠനം നടന്നതിന്റെ സമാന കാലയളവില്‍, 2020 ഏപ്രില്‍ മുതല്‍ 2021 ജൂണ്‍ വരെ, രാജ്യത്ത് 3,661 കുട്ടികളുടെ മാതാപിതാക്കള്‍ രണ്ടുപേരും കോവിഡ് ബാധിച്ച് മരണപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മിഷന്റെ കണക്ക്.

Eng­lish Sum­ma­ry: Covid : 19 lakh chil­dren in India lose father or mother

You may like this video also

Exit mobile version