Site iconSite icon Janayugom Online

14 മാസമായി കോവിഡ് പോസിറ്റീവ്, പുറത്തിറങ്ങാനാകാതെ തുര്‍ക്കി പൗരന്‍

കഴിഞ്ഞ പതിനാല് മാസമായി കോവിഡ് ബാധിതനായി തുടരുകയാണ് തുര്‍ക്കിയിലുള്ള 56കാരന്‍ മുസാഫിര്‍ കയാസന്‍. ലുക്കീമിയ ബാധിതനാണ് ഇദ്ദേഹം. ആദ്യം കോവിഡ് പിടികൂടിയപ്പോള്‍ മരിച്ചുപോകുമെന്ന് കരുതിയെങ്കിലും കോവിഡുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടം തുടരുകയാണ്. ഇക്കാലയളവില്‍ നടത്തിയ 78 കോവിഡ് പരിശോധനകളിലും പോസിറ്റീവായിരുന്നു ഫലം.

തുര്‍ക്കിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ദിവസം കോവിഡ് ബാധിതനായത് ഇദ്ദേഹമാണ്. കാന്‍സര്‍ രോഗബാധ പ്രതിരോധസംവിധാനത്തെ തകര്‍ത്തതിനാലാണ് ഇദ്ദേഹം കോവിഡ് വിമുക്തനാകാത്തതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍ ഇത് കൊറോണയുടെ സ്ത്രീ പരിവേഷമാണെന്നും അവള്‍ക്കെന്നോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണ് എന്നെ വിട്ട് പോകാത്തതെന്നും കഴിഞ്ഞ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ കയാസന്‍ തമാശയായി പറഞ്ഞു.

കോവിഡ് ബാധിച്ച ആദ്യ ഒന്‍പത് മാസം കയാസന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഫ്ലാറ്റില്‍ ഒറ്റയ്ക്കായി താമസം. ചെറുമകളുമായി കളിക്കാന്‍ കഴിയുന്നില്ലെന്നത് മാത്രമാണ് കയാസനിന്റെ ഏകവിഷമം.

പ്രതിരോധശേഷി കുറഞ്ഞവരില്‍ കോവിഡ് രോഗബാധ കൂടുതല്‍ കാലം നില്‍ക്കുമെന്ന് കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിലെ മെഡിക്കല്‍ ജേണല്‍ പുറത്തിറക്കിയ ഒരു പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ലുക്കീമിയ, ലിംഫോമ രോഗബാധിതരില്‍ നാലില്‍ ഒരാള്‍ക്ക് രണ്ട് കോവിഡ് വാക്സിനെടുത്താലും ആന്റിബോഡി രൂപപ്പെടുന്നില്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്.

കയാസന്‍ കടുത്ത നിരീക്ഷണ വലയത്തിലാണെന്നും കോവിഡ് വകഭേദങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കയാസനിലെ ചികിത്സിക്കുന്ന ഡോക്ടര്‍ സെറപ് സിംസെക് യുവുസ് പറഞ്ഞു.

കോവിഡ് ബാധിച്ചാല്‍ രോഗമുക്തി നേടിയതിന് ശേഷം മാത്രമാണ് തുര്‍ക്കിയില്‍ വാക്സിന്‍ നല്‍കുക. അതിനാല്‍ തന്നെ കയാസന് ഇതുവരെ കോവിഡ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന് മണവും രുചിയും നഷ്ടപ്പെട്ട അവസ്ഥയിലുമാണ്.

eng­lish summary;covid pos­i­tive for 14 months, Turk­ish cit­i­zen unable to leave

you may also like this video;

Exit mobile version