കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൈദ്യശാസ്ത്ര യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ ഭരണകൂടത്തിന്റെ നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങള്‍ക്കാണ് മേല്‍ക്കൈ എന്ന വിമര്‍ശനം കോവിഡ് പ്രതിരോധ ചുമതല വഹിക്കുന്ന ഔദ്യോഗിക സമിതികളിലെ അംഗങ്ങളടക്കം വിദഗ്ധര്‍ തന്നെ ഉയര്‍ത്തുന്നു. 15 മുതല് 17 വരെ പ്രായപരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിനും 60 വയസുകഴിഞ്ഞ ഇതര രോഗബാധിതര്‍ക്ക് ‘കരുതല്‍ ഡോസും’ ജനുവരി മൂന്നു മുതല്‍ നല്കിത്തുടങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ് വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖര്‍ തന്നെ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഗുരുതര വീഴ്ചകളും പ്രതിരോധ വാക്സിന്‍ നല്കുന്നതുസംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് തിരുത്തിയ സുപ്രീം കോടതി ഇടപെടലും യാഥാര്‍ത്ഥ്യമായി നിലനില്ക്കെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ചിത്രം തിരുകിക്കയറ്റിയ രാഷ്ട്രീയ ദുഷ്ടലാക്ക് ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവരികയാണ്. കോവിഡ് ബൂസ്റ്റര്‍ ഡോസ്, കുട്ടികളുടെ വാക്സിനേഷന്‍ എന്നിവ സംബന്ധിച്ച് ശാസ്ത്രീയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ നിര്‍ണയിക്കേണ്ട ദേശീയ സാങ്കേതിക ഉപദേശകസമിതി (എന്‍ടിഎജിഐ) തീരുമാനത്തില്‍ എത്തിച്ചേരുംമുമ്പ് അവ സംബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപനം നടത്തുകയായിരുന്നു. നോട്ട് നിരോധനം, കോവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ദേശീയ അടച്ചുപൂട്ടല്‍, കാര്‍ഷിക മാരണനിയമങ്ങളുടെ പിന്‍വലിക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ യാതൊരു കൂടിയാലോചനകളും കൂടാതെ നടത്തിയ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. രാജ്യത്തെ പ്രമുഖ പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധരടക്കം ഇക്കാര്യത്തില്‍ തങ്ങളുടെ വിയോജിപ്പും ആശങ്കകളും പരസ്യമായി പ്രകടിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് നാളിതുവരെ നടന്ന സെറോ സര്‍വേകള്‍ എല്ലാംതന്നെ ഭൂരിഭാഗം കുട്ടികള്‍ക്കും സ്വാഭാവികമായി രോഗബാധ ഉണ്ടാവുകയും പ്രതിരോധശേഷി ആര്‍ജിച്ചതായും വിലയിരുത്തിയിരുന്നു. കുട്ടികളില്‍ വൈറസ്ബാധ കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്താനായില്ലെന്നും സര്‍വേ വെളിപ്പെടുത്തുന്നു.
ഇതുകൂടി വായിക്കാം; ഒമിക്രോണ്‍ ഓര്‍മപ്പെടുത്തുന്നത് ജാഗ്രത തുടരണമെന്ന്
അങ്ങനെയെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളെ മാത്രം ലക്ഷ്യമാക്കിയുള്ള പ്രതിരോധമായിരിക്കും ശാസ്ത്രീയമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരമൊരു ലക്ഷ്യാധിഷ്ഠിത പ്രതിരോധം നടപ്പിലാക്കാനുള്ള ആരോഗ്യസംവിധാനത്തിന്റെ അപര്യാപ്തതയാണ് പ്രത്യേക പ്രായപരിധിയിലുള്ള കുട്ടികളെ ലക്ഷ്യം വച്ചുള്ള സാര്‍വത്രിക വാക്സിനേഷന്‍ പരിപാടി. നാളിതുവരെ രാജ്യത്ത് നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതില്‍ പരാജയപ്പെട്ട സംവിധാനം കുട്ടികളുടെമേല്‍ നടത്തുന്ന വാക്സിനേഷന്‍ പരീക്ഷണത്തിന്റെ പ്രത്യാഘാതത്തെപ്പറ്റി നിശബ്ദമാണ്. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ തികച്ചും അപ്രായോഗികമായ സമീപനമാണ് ഇതിനകം പ്രഖ്യാപിച്ച നടപടിക്രമത്തില്‍ വ്യക്തമാകുന്നത്. നിലവില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അതേ വാക്സിന്‍തന്നെ ‘കരുതല്‍‘ഡോസായി നല്കുകയെന്നത് അശാസ്ത്രീയമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ലോകം മുഴുവന്‍ ‘ബൂസ്റ്റര്‍’ ഡോസിനെപ്പറ്റി പറയുമ്പോള്‍ അതിനുപകരം ‘കരുതല്‍ഡോസ്’ എന്ന പ്രയോഗംതന്നെ ആ അശാസ്ത്രീയത മറച്ചുവയ്ക്കാനുള്ള മോഡിതന്ത്രമാണെന്ന സംശയം ശക്തമാണ്. കരുതല്‍ ഡോസിന് അര്‍ഹരായ പത്തുകോടിയില്‍പ്പരം മുതിര്‍ന്ന പൗരന്മാര്‍ രാജ്യത്തുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അവര്‍ക്ക് മൂന്നാമത്തെ ഡോസ് ലഭിക്കണമെങ്കില്‍ ഡോക്ടറുടെ ശുപാര്‍ശ ആവശ്യമാണ്. ഇതരരോഗങ്ങള്‍ക്ക് ചികിത്സലഭിച്ചുവരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് അവര്‍ നല്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വാക്സിന്‍ നല്കാമെന്നിരിക്കെ പ്രതിരോധ നടപടികള്‍ കൂടുതല്‍ സങ്കീര്‍ണവും ക്ലേശകരവുമാക്കി മാറ്റുകയാണ് ഫലത്തില്‍ നടക്കുന്നത്. രാജ്യത്ത് നടക്കുന്ന എല്ലാം തന്നില്‍ക്കൂടി മാത്രമായിരിക്കണമെന്നും എല്ലാ തീരുമാനങ്ങളിലും തന്റെ വ്യക്തിമുദ്ര പതിയണമെന്നുമുള്ള ദുര്‍വാശി സ്വേച്ഛാധിപത്യത്തിന്റെ മുഖമുദ്രയാണ്. അതിന്റെ പേരില്‍ നിരപരാധികളായ പൗരന്മാര്‍ നല്കേണ്ടിവരുന്ന വില അവരുടെ ജീവന്‍തന്നെയാണെന്ന് ഒന്നും രണ്ടും ഘട്ടങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ ദുരന്തചിത്രങ്ങള്‍ കാട്ടിത്തന്നിരുന്നു. അവയെപ്പറ്റി കുറ്റകരമായ നിശബ്ദത പാലിക്കുകയും ആ യാഥാര്‍ത്ഥ്യങ്ങളെ അപ്പാടെ നിരാകരിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപതിയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് രാജ്യം തിരിച്ചറിയുന്നു.
You may also like this video;