യുഎഇയിലേക്ക് ഉൾപ്പെടെ യാത്ര ചെയ്യാൻ ആറുമണിക്കൂറിനകം എയർപോർട്ടിനുള്ളിൽ റാപ്പിഡ് പരിശോധന നടത്തണമെന്ന നിബന്ധന ജോലിക്കും മറ്റുമായി വിദേശത്തേക്ക് പോകാനെത്തുന്നവരെ പ്രതിസന്ധിയിലാക്കുന്നു. എയർപോർട്ടിൽ റാപ്പിഡ് പരിശോധന നടത്തി നെഗറ്റീവ് ആയവരെ മാത്രം പ്രവേശിപ്പിക്കാനാണ് യുഎഇ തീരുമാനം. എന്നാൽ യാത്രയ്ക്ക് മുന്നോടിയായി 48 മണിക്കൂറിനകം ചെയ്യേണ്ടുന്ന സാധാരണ ആർടിപിസിആർ പരിശോധനയുടെ ഫലവും എയർപോർട്ടുകളിൽ നടത്തുന്ന റാപ്പിഡ് മോളിക്യുലാർ പരിശോധനാ ഫലവും തമ്മിൽ വ്യത്യാസം വരുന്നതാണ് യാത്രക്കാരെ പ്രയാസത്തിലാക്കുന്നത്.
റാപ്പിഡ് പിസിആർ എന്ന് സാർവത്രികമായി വിളിക്കപ്പെടുന്നുണ്ടെങ്കിലും എയർപോർട്ടുകളിൽ വച്ച് നടത്തുന്ന ഐസോതെർമൽ ആംപ്ലിഫിക്കേഷൻ മോളിക്കുലാർ ടെസ്റ്റിങ് സാധാരണ ആർടിപിസിആർ പോലൊരു പോളിമറൈസ് ചെയിൻ റിയാക്ഷൻ പരിശോധനയല്ലെന്നതാണ് പരിശോധനാഫലങ്ങളിൽ വ്യത്യാസം വരാനുള്ള കാരണമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. ചെലവ് കൂടുതൽ വരുന്ന തീർത്തും വ്യത്യസ്തമായൊരു കോവിഡ് പരിശോധനാ രീതിയാണിത്. കോവിഡ് ബാധിതനായ ഒരു വ്യക്തിയുടെ ശരീരത്തിലെ സാർസ് കൊറോണ വൈറസിന്റെ അളവിനെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന സൈക്കിൾ ത്രെഷോൾഡ് വാല്യുവിനെ അടിസ്ഥാനപ്പെടുത്തിയാണ് ആർടിപിസിആർ പരിശോധനാ ഫലങ്ങൾ നൽകുന്നത്.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് രാജ്യത്ത് നടക്കുന്ന ആർടിപിസിആർ പരിശോധനകൾക്ക് 35 എന്ന സിടി വാല്യു നിജപ്പെടുത്തിയിട്ടുണ്ട്. രോഗിയുടെ ശരീരത്തിൽ വൈറസ് സാന്നിധ്യം കൂടുന്തോറും സിടി വാല്യു കുറവായാണ് രേഖപ്പെടുത്തുക. നിശ്ചിത പരിധിയായ 35നു മുകളിൽ സിടി വാല്യു ലഭിക്കുന്ന പരിശോധനാ ഫലങ്ങൾ ആണ് നെഗറ്റീവ് ആയി നൽകപ്പെടുന്നത്. ഇതിനർത്ഥം രോഗി വൈറസ് ബാധിതനല്ലെന്നല്ല, മറിച്ച് രോഗിയുടെ ശരീരത്തിൽ അനുവദനീയമായ അളവിൽ കുറഞ്ഞ തോതിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടുള്ളത് എന്നാണ്. എന്നാൽ എയർപോർട്ടുകളിൽ നടത്തപ്പെടുന്ന ഐസോതെർമൽ ആംപ്ലിഫിക്കേഷൻ റാപ്പിഡ് മോളിക്കുലാർ പരിശോധനയിൽ വ്യക്തി വൈറസ് വാഹകനാണോ എന്ന് മാത്രമാണ് കണ്ടെത്തുന്നത്.
വൈറസിന്റെ അളവിനെ അടിസ്ഥാനമാക്കിയല്ല മറിച്ച് പരിശോധനയ്ക്ക് വിധേയമാവുന്ന വ്യക്തിയുടെ ശരീരത്തിൽ വൈറസ് ഉണ്ടോ ഇല്ലയോ എന്നതാണ് പരിശോധിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ആർടിപിസിആർ പരിശോധനയിൽ അനുവദനീയമായ അളവിൽ കുറഞ്ഞ വെെറസ് വാഹകരായി കണ്ടെത്തി നെഗറ്റീവ് ഫലം ലഭിച്ചവർ എയർപോർട്ടിലെ പരിശോധനയിൽ പോസിറ്റീവ് ആവുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
48 മണിക്കൂറിനകത്തെടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയാലും റാപ്പിഡ് ടെസ്റ്റ് വഴി കൂടുതൽ കൃത്യതയോടെ വൈറസ് വാഹകരെ കണ്ടെത്താൻ കഴിയുമെന്നതുകൊണ്ടാണ് യുഎഇ ഉൾപ്പെടെ ഇത്തരമൊരു പരിശോധന നിർബന്ധമാക്കിയത്. യാത്രയ്ക്ക് പത്തുദിവസം മുമ്പ് മുതലെങ്കിലും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും ആൾക്കൂട്ട സമ്പർക്കവും പൊതു ചടങ്ങുകളും ഒഴിവാക്കിയും തയാറെടുപ്പുകൾ നടത്തുക എന്നതാണ് ഇക്കാര്യത്തിൽ ഏക പോംവഴിയെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. റിസ്ക് സാധ്യതകൾ മുൻകൂട്ടി കണ്ട് യാത്രാ തീയതി തീരുമാനിക്കുന്നതും റീ ‑ഷെഡ്യൂൾ ഓപ്ഷൻ ഉള്ള രീതിയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.