Site icon Janayugom Online

കോവിഡ് ആശങ്ക തുടരുന്നു: ലോകാരോഗ്യസംഘടന

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ആശങ്ക തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന. വരാനിരിക്കുന്ന കോവിഡ് വകഭേദത്തിന്റെ വ്യാപനശേഷിയെക്കുറിച്ച് ലോകം ജാഗരൂകരായിരിക്കണമെന്ന് ലോകാരോഗ്യസംഘടനയിലെ പ്രമുഖ എപ്പിഡെമോളജിസ്റ്റ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. വിവിധ തരത്തിലുള്ള സാഹചര്യങ്ങളെ നേരിടാന്‍ ലോകം തയ്യാറെടുക്കേണ്ടതുണ്ട്. നിലവില്‍ ഒമിക്രോണ്‍ വകഭേദമാണ് ലോകത്ത് ഏറ്റവും കൂടുതലുള്ളത്. ബിഎ.4, ബിഎ.5, ബിഎ.2.12.1 തുടങ്ങിയ നിരവധി ഒമിക്രോണ്‍ ഉപ വകഭേദങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുന്നുണ്ടെന്നും മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. കോവിഡ് മരണത്തെ പ്രതിരോധിക്കാന്‍ നിരവധി ആയുധങ്ങള്‍ കൈവശമുണ്ട്. തന്ത്രപരമായി അവയെ ഉപയോഗിക്കുകയാണ് വേണ്ടത്. കോവിഡ് വാക്സിന്‍ ഇതില്‍ പ്രധാനപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, കോവിഡ് പരിശോധനയുടെ എണ്ണം ക്രമാതീതമായി കുറച്ച് പുതിയ തരംഗങ്ങളെക്കുറിച്ച് ജനങ്ങളെ അജ്ഞരാക്കരുതെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതിനൊപ്പം കോവിഡ‍് മരണനിരക്കും കുറഞ്ഞു. കഴിഞ്ഞ ആഴ്ച കേവലം 15,000 കോവിഡ് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിവാര കണക്കാണിത്.

ഈ കണക്കുകള്‍ സന്തോഷം തരുന്നതാണ്, എങ്കിലും കോവിഡ് പരിശോധനയുടെ എണ്ണം കുറഞ്ഞതുകൊണ്ടാകരുത് രോഗികളുടെ എണ്ണം കുറഞ്ഞത്. പുതിയ വകഭേദത്തിന്റെ വ്യാപനമുണ്ടായാല്‍ അത് മനസിലാക്കാന്‍ കഴിയണം, അപകടകരമായ അവസ്ഥയിലേക്ക് കടക്കുന്നതിന് മുമ്പ് പ്രതിരോധിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് എങ്ങും പോയിട്ടില്ല. രാജ്യങ്ങള്‍ വൈറസിന്റെ പുറകെ പോകുന്നതാണ് നിര്‍ത്തിയിരിക്കുന്നത്. വൈറസ് ഇപ്പോഴും വ്യാപിക്കുന്നുണ്ട്, മാറ്റങ്ങള്‍ വരുന്നുണ്ട്, ആളുകളെ കൊല്ലുന്നുമുണ്ട്, അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: covid remains con­cerned: World Health Organization

You may like this video also

Exit mobile version