Site iconSite icon Janayugom Online

കൊവിഡ് 19 വ്യാപനം: ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, നിയന്ത്രണം തുടരുമെന്ന്: ജില്ലാ കളക്ടര്‍

കൊവിഡ് 19 വ്യാപനത്തില്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം പൊതു ചടങ്ങുകളില്‍ തുറന്ന സ്ഥലത്താണെങ്കില്‍ പരമാവധി 150 പേര്‍ക്കും ആവശ്യമായ വായു സഞ്ചാരം ഉറപ്പ് വരുത്തിയ ഹാളുകള്‍, മുറികള്‍ തുടങ്ങിയവയില്‍ 75 പേര്‍ക്കും മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വെല്ലുവിളികളില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ആര്‍ രാജന്‍ പറഞ്ഞു. ജില്ലയില്‍ നിലവില്‍ ആക്ടീവ് പോസിറ്റീവ് കേസുകള്‍ കുറവാണ്. പ്രതിദിനം 50ല്‍ കുറവ് കേസുകള്‍ മാത്രമാണ് കഴിഞ്ഞ കുറേ ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള 220 ബെഡുകളില്‍ 11 ശതമാനത്തില്‍ മാത്രമാണ് രോഗികളുള്ളതെന്നും ഡിഎംഒ (ആരോഗ്യം) അറിയിച്ചു. ജനങ്ങള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് വൈഭവ് സക്‌സേന, സബ്കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം എ കെ രമേന്ദ്രന്‍, ഡിഎംഒ (ആരോഗ്യം) ഡോ കെ ആര്‍ രാജന്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ വീഡിയോ കണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു. ചട്ടഞ്ചാലില്‍ ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ നിന്ന് എസ്റ്റിമേറ്റ് ലഭ്യമാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
ചട്ടഞ്ചാലില്‍ നിര്‍മ്മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഒരു മാസത്തിനകം ആരംഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ പോസിറ്റീവ് കേസുകളില്‍ വര്‍ദ്ധനവുണ്ടായാല്‍ ജില്ലയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുതിനുള്ള മുന്‍കരുതല്‍ മെഡിക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തൊഴില്‍ വകുപ്പ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നടത്തുന്ന തൊഴില്‍ മേള കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നടത്തുന്നതിന് ഡിഎംഒ അനുമതി നല്‍കി. കൊവിഡ് മൂന്നാം തരംഗം പെട്ടെന്ന് ഉണ്ടാവുകയാണെങ്കില്‍ നേരിടാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി വെക്കേണ്ടതുണ്ടെന്ന് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ നിര്‍ദേശിച്ചു. ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് കൂടുതല്‍ ബെഡുകള്‍ സജ്ജീകരിക്കേണ്ടതുണ്ടെങ്കില്‍ എവിടെയൊക്കെ എന്നും, സി എഫ്എല്‍ഡിസി, ഡിസിസികള്‍ ആരംഭിക്കേണ്ടി വന്നാല്‍ ഉപയോഗിക്കാവുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ തയ്യാറാക്കി വെക്കണമെന്നും സബ് കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തി വരുന്ന ഐഇസി ആക്റ്റിവിറ്റികള്‍ പുതിയ സാഹചര്യത്തില്‍ പുനരാരംഭിക്കേണ്ടതുണ്ടെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിര്‍ദേശിച്ചു. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഐഇസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരും. ജില്ലയില്‍ 18 വയസ്സിനു മുകളിലുള്ളവരുടെ ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ 98.6 ശതമാനവും സെക്കന്റ് ഡോസ് 90 ശതമാനത്തോളവും പൂര്‍ത്തിയായതായും 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവിലുള്ള സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വാക്‌സിനേഷന്‍ സെന്ററുകളില്‍ മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ മാത്രം സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വാക്‌സിന്‍ നല്‍കുമെന്നും ഡിഎംഒ പറഞ്ഞു.

 

Exit mobile version