സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 885 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ എത്തിയത്. 2020 ഓഗസ്റ്റ് മൂന്നിന് ആണ് ഇതിന് മുന്‍പ് പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയായത്. അന്ന് 962 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് രണ്ടാം തരംഗം കുറഞ്ഞ സമയത്തും ആയിരത്തിന് മുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീട് മൂന്നാം തരംഗത്തോടെ വീണ്ടും കേസ് ഉയര്‍ന്നു. എന്നാല്‍ സംസ്ഥാനം ആവിഷ്‌ക്കരിച്ച കോവിഡ് പ്രതിരോധം ഫലം കണ്ടതോടെ വളരെ വേഗം കേസുകള്‍ കുറയുകയും ആയിരത്തില്‍ താഴെ എത്തുകയും ചെയ്തു. 21,188 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. 1554 പേര്‍ രോഗമുക്തി നേടി. 8846 പേരാണ് ചികിത്സയിലുള്ളത്. 25,685 പേരാണ് നിരീക്ഷണത്തിലുള്ളത്. 64,44,624 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ ആകെ മരണം 66,808 ആയി. സംസ്ഥാനത്ത് കോവിഡ് കേസ് കുറഞ്ഞെങ്കിലും ശ്രദ്ധക്കുറവ് പാടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പൂര്‍ണമായും കോവിഡ് മുക്തമാക്കുകയാണ് ലക്ഷ്യം. മാസ്‌ക് മാറ്റാറായിട്ടില്ല. കുറച്ച് നാള്‍ കൂടി ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി. 2020 ഓഗസ്റ്റ് മൂന്നിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായി വര്‍ധിച്ചു. പിന്നീടാണ് രണ്ടാം തരംഗം ഉണ്ടായത്. അത് ക്രമേണ വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം മെയ് 12ന് 43,529 വരെ ഉയര്‍ന്നു. പിന്നീട് സംസ്ഥാനം നടത്തിയ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 27ന് കോവിഡ് കേസുകള്‍ 1636 ആയി കുറഞ്ഞിരുന്നു. എന്നാല്‍ ക്രിസ്‌മസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോണ്‍ വ്യാപിച്ചതോടെ ജനുവരി ഒന്നോടെ മൂന്നാം തരംഗം ആരംഭിച്ചു. മൂന്നാം തരംഗത്തില്‍ ജനുവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. കോവിഡ് ഒന്നും രണ്ടും തരംഗത്തെ പോലെ മൂന്നാം തരംഗത്തേയും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ഒരിക്കല്‍ പോലും ആശുപത്രി കിടക്കകള്‍ക്കോ, ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്കോ, സുരക്ഷാ ഉപകരണങ്ങള്‍ക്കോ കുറവ് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,116 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 22 മാസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
English summary; Relief: covid spread decreased
You may also like this video;