Site iconSite icon Janayugom Online

പുരുഷന്‍മാരിലെ പ്രത്യുല്പാദനശേഷിയെ കോവിഡ് ബാധിക്കുമെന്ന് പഠനം

കൊറോണ വെെറസ് പുരുഷന്‍മാരിലെ പ്രത്യുല്പാദനശേഷിയെ ബാധിക്കുമെന്ന് ഹോങ്‍ങ്കോങ് സര്‍വകലാശാലയുടെ പഠനം. വെെറസ് ബാധിക്കപ്പെട്ട പുരുഷന്‍മാരിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് കണ്ടെത്തല്‍. രോഗം ബാധിച്ച് നാല് മുതല്‍ ഏഴ് വരെ ദിവസങ്ങള്‍ക്കുള്ളില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റസിറോണിന്റെ അളവും ബീജങ്ങളുടെ എണ്ണവും കുറയാന്‍ തുടങ്ങും.

അണുബാധയ്ക്ക് ശേഷം ഏഴ് മുതൽ 120 ദിവസം വരെ വൃഷ്ണ കോശങ്ങളുടെ വീക്കം, അപചയം, മരണം എന്നിവ സംഭവിക്കുമെന്നും പഠനത്തില്‍ പറയുന്നു. കോവിഡിന്റെ ‍ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളും സമാനമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രോഗമുക്തരില്‍ ക്രോണിക് അസിമട്രിക് ടെസ്റ്റിക്കുലാർ അട്രോഫി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

മറ്റ് ഗുരുതര ശാരീരിക പ്രശ്നങ്ങള്‍ക്ക് പുറമേ പുരുഷന്‍മാരിലെ ഹൈപ്പോഗൊനാഡിസത്തിനും വന്ധ്യതയ്ക്കും കോവിഡ് കാരണമാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസർ ക്വോക്ക്-യുങ് യുവൻ പറഞ്ഞു. കോവിഡ് വാക്സിന്‍ എടുത്തവരില്‍ താരതമ്യേന ഇത്തരം സങ്കീര്‍ണതകള്‍ക്ക് സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വെെറസ് ബീജങ്ങളില്‍ അതിജീവനശേഷിയുണ്ടോയെന്നതിനെക്കുറിച്ചുള്ള വിശകലനത്തിനും പഠനം സാധ്യത നല്‍കുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

eng­lish sum­ma­ry; Covid stud­ies have shown that it can affect male fertility

you may also like this video;

Exit mobile version