Site iconSite icon Janayugom Online

കോവിഡ് പരിശോധന: സ്വകാര്യ ലാബുകള്‍ നിരീക്ഷണത്തില്‍

സ്വകാര്യ ലാബുകളിൽ നിന്നും ലഭിക്കുന്ന കോവിഡ് പരിശോധന ഫലത്തിലും സർട്ടിഫിക്കറ്റിലും ആധികാരികതയില്ലെന്ന പരാതി ലഭിച്ചതോടെ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. ഇത്തരത്തിൽ ആക്ഷേപം ഉണ്ടായ ആലപ്പുഴയിലെ ഒരു സ്വകാര്യ ലാബിന്റെ പ്രവർത്തനം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന തടയുകയും ചെയ്തു.
ഐസിഎംആർ മാനദണ്ഡപ്രകാരമേ സ്രവ ശേഖരണവും പരിശോധന ഫല പ്രഖ്യാപനവും നടത്താൻ പാടുള്ളുവെന്ന നിബന്ധന പോലും പാലിക്കാതെ സ്വകാര്യ ലാബുകൾ നിയമം ലംഘിക്കുകയാണ്. കോവിഡിനെ മറയാക്കി ലാഭം മാത്രം ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിക്കുന്നത്.
ഇടനിലക്കാരായി ചില ഏജന്റുമാരെ നിയമിച്ച് സ്രവ പരിശോധനകൾ കൊച്ചിയിലും തിരുവനന്തപുരത്തും കൊണ്ടുപോയി നടത്തി വ്യാജ സർട്ടിഫിക്കറ്റുകളും ഫലവും നൽകുന്നതാണ് ഇവരുടെ രീതി. കോവിഡ് ലക്ഷണങ്ങളുള്ള വ്യക്തികൾക്ക് പോലും പരിശോധന ഫലം നെഗറ്റീവാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഫലമാണ് ഇത്തരം ലാബുകൾ നൽകുന്നത്. സാമ്പിളുകളുടെ പരിശോധന എവിടെ നടത്തുന്നുവെന്ന വിവരം പോലും ഏജന്റുമാർ വെളിപ്പെടുത്തുകയില്ല.
ഒരു സ്രവ കളക്ഷൻ കേന്ദ്രമെന്ന നിലയിൽ മാത്രമാണ് ഇവരുടെ പങ്ക്. അതിനപ്പുറത്തേക്ക് കൂടുതൽ വിവരങ്ങളൊന്നും ലാബുകാർക്ക് അറിയില്ല. തട്ടിപ്പ് നടത്തുന്ന ലാബുകൾ വഴി വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്ന ക്യൂആർ കോഡുകളോ സ്പെസിമൻ റഫറൽ ഫോറം ഐഡിയോ വഴി ഫലം എടുക്കാൻ ശ്രമിച്ചാൽ അത് സാധിക്കുന്നില്ല. കോവിഡ് പോസിറ്റീവ് ആയ വ്യക്തി ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വർക്ക് ഫ്രം ഹോമിന് അപേക്ഷിച്ചാൽ, തൊഴിലുടമ ഇത് പരിശോധിക്കുന്ന വേളയിൽ മാത്രമാണ് തട്ടിപ്പിന്റെ ഉള്ളറകൾ തിരിച്ചറിയുന്നത്.
ഐസിഎംആറിന്റെ വെബ്സൈറ്റുമായി സർട്ടിഫിക്കറ്റുകൾ ലിങ്ക് ചെയ്യിക്കാനും സാധിക്കാത്ത സ്ഥിതിയാണ്. ഈ സർട്ടിഫിക്കറ്റിൽ പരിശോധിച്ച ടെക്നീഷ്യന്റെ പേരോ ഫോൺ നമ്പരോ ഒന്നും തന്നെ നൽകിയിട്ടുമില്ല. നിരവധി പേരാണ് ഇത്തരം ലാബുകൾക്കെതിരെ പരാതിയുമായി രംഗത്തുള്ളത്. ആലപ്പുഴയിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. സംസ്ഥാന വ്യപകമായി സ്വകാര്യ ലാബുകളിലെ കോവിഡ് ഫലം നിർണ്ണയം സംബന്ധിച്ച് മോണിറ്ററിംഗ് സംവിധാനം ഒരുക്കാനുള്ള തീരുമാനത്തിലാണ് ആരോഗ്യ വകുപ്പ്.

Exit mobile version