കോവിഡ് നാലാം തരംഗം ആസന്നമാണെന്ന മുന്നറിയിപ്പുകള്‍ ഓരോ ദിവസവും ആരോഗ്യ വിദഗ്ധരില്‍ നിന്നും സംഘടനകളില്‍ നിന്നും സര്‍ക്കാരുകളില്‍ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്. ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് 24 മണിക്കൂറിലുണ്ടായ രോഗികളുടെ എണ്ണം 2,927 ആണ്. ഇതുവരെയുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണം 4.30 കോടിയായും സജീവ കേസുകളുടെ എണ്ണം 16,279 ആയും ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുന്‍ദിവസത്തെ അപേക്ഷിച്ച് 643 പേര്‍ക്ക് കൂടുതലായി രോഗബാധയുണ്ടായി. പ്രതിദിന രോഗികളുടെ എണ്ണം മാര്‍ച്ച് അവസാനത്തോടെ താഴേയ്ക്ക് പോയിരുന്നുവെങ്കില്‍ ഈ മാസം രണ്ടാമത്തെ ആഴ്ചയോടെ വീണ്ടും ഉയരുന്ന സ്ഥിതിയാണുള്ളത്. മുന്‍ കോവിഡ് തരംഗ കാലത്തെന്നതുപോലെ രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയിലാണ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുള്ളത്. അവിടെ മുഖാവരണം നിര്‍ബന്ധമാക്കുകയും നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുവാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. സമാനമായി തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതേ തീരുമാനം കൈക്കൊണ്ടിട്ടുമുണ്ട്. ഇന്നലെ മുതല്‍ നമ്മുടെ സംസ്ഥാനവും മുഖാവരണം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മൂന്ന് തരംഗങ്ങളെയും അതീവ ജാഗ്രതയോടെയാണ് നാം നേരിട്ടത്. തരംഗങ്ങള്‍ പിന്നിട്ട് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ജാഗ്രത കൈവിടരുതെന്നും മുഖാവരണം ഒഴിവാക്കാറായില്ലെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ മുഖാവരണം, സാമൂഹ്യ അകലം എന്നിങ്ങനെയുള്ള നിയന്ത്രണങ്ങള്‍ക്ക് പിഴയില്ലെന്നതുകൊണ്ടുതന്നെ ജാഗ്രതയില്‍ കുറവുണ്ടായി. പൊലീസിനുവേണ്ടിയാണ് ജാഗ്രതയെന്ന മനോഭാവം ജനങ്ങളിലുണ്ടായി എന്നതുപോലെയാണ് കാര്യങ്ങള്‍ പോകുന്നത്. അതുകൊണ്ടാണ് വീണ്ടും പിഴ ഏര്‍പ്പെടുത്തുവാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതമായത്. നമ്മുടെ സംസ്ഥാനത്തും പലരും പേരിനാണ് മുഖാവരണം ഉപയോഗിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നതാണ് അവസ്ഥ. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്നത് ഗൗരവത്തോടെ നാമെല്ലാം കാണേണ്ടതുണ്ട്. കേസുകളുടെ എണ്ണത്തില്‍ അസ്വാഭാവികമായ വര്‍ധനയുണ്ടാകുന്ന സ്ഥിതി ഇവിടെ ഉണ്ടായിട്ടില്ലെങ്കിലും നമുക്ക് ജാഗ്രതയില്‍ ഒരു കുറവുണ്ടാകരുത്.
ഇതുകൂടി വായിക്കാം; കരുതല്‍ വാക്സിന്‍: നിലപാട് മനുഷ്യത്വരഹിതം
മുഖാവരണം ധരിക്കുകയെന്നത് കര്‍ശനമായി പാലിക്കണമെന്നും സാമൂഹ്യ അകലം പാലിക്കുക നിര്‍ബന്ധമാണെന്നും ആരോഗ്യ വിദഗ്ധരും നിര്‍ദേശിക്കുന്നുണ്ട്. എല്ലാവര്‍ക്കും രണ്ടു ഡോസ് വാക്സിന്‍ നല്കി സാമൂഹ്യ പ്രതിരോധമുണ്ടാക്കുക എന്നതാണ് ആദ്യതരംഗ വേളകളില്‍ രോഗികളുടെ എണ്ണവും വ്യാപനവും കറയ്ക്കുന്നതിനുള്ള പ്രതിവിധിയായി ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കരുതല്‍ ഡോസ് കൂടി നല്കി കൂടുതല്‍ പ്രതിരോധം സമൂഹത്തിലുണ്ടാക്കണമെന്നാണ് പുതിയ നിര്‍ദേശമുണ്ടായിട്ടുള്ളത്. രണ്ട് ഡോസ് വാക്സിന്‍ നല്കുന്നതിനുളള ഉത്തരവാദിത്തം ആദ്യം ജനങ്ങളുടെ തലയിലും പ്രതിഷേധം ശക്തമായപ്പോള്‍ സംസ്ഥാനങ്ങളുടെ തലയിലും വയ്ക്കുകയായിരുന്നു കേന്ദ്രം ചെയ്തത്. പിന്നീട് വന്‍ പ്രതിഷേധമുണ്ടായപ്പോഴാണ് അര്‍ഹരായവര്‍ക്ക് വാക്സിന്‍ നല്കുന്നത് സൗജന്യമാക്കിയുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. അതിനാലാണ് കേന്ദ്രം ഇപ്പോള്‍ മേനി നടിക്കുന്നതുപോലെ സമൂഹത്തിലെ വലിയ വിഭാഗം രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് സന്നദ്ധമായത്. എന്നിട്ടും ഇരുഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 85.5 കോടി മാത്രമേ ആയിട്ടുള്ളൂ. ഇരുഡോസുകളുടെ സ്ഥിതി പോലും ഇങ്ങനെയായിരിക്കേയാണ് കരുതല്‍ വാക്സിനെടുക്കുന്ന കാര്യത്തില്‍ ഗുരുതരമായ അലംഭാവം നിലനില്ക്കുകയാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. ജനുവരി മുതലാണ് 60 വയസിനു മുകളിലുള്ളവര്‍ക്കും മുന്നണിവിഭാഗത്തിനും കരുതല്‍ ഡോസ് വാക്സിന്‍ നല്‍കാന്‍ തുടങ്ങിയത്. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും അടുത്ത ഘട്ടമായി ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് വില നല്കി കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമുണ്ടായത്. ഈ മാസമാദ്യമാണ് പ്രസ്തുത തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കരുതല്‍ വാക്സിനെടുക്കുന്നവരുടെ പ്രതിദിന ശരാശരി ഒന്നര ലക്ഷത്തിനുതാഴെയാണ്. ഈ നിലയിലാണ് കരുതല്‍ വാക്സിന്‍ നല്കല്‍ മുന്നോട്ടുപോകുന്നതെങ്കില്‍ മൂന്നുവര്‍ഷമെടുത്താല്‍ പോലും പൂര്‍ത്തിയാകുമെന്നു തോന്നുന്നില്ല. ഇനിയും രോഗബാധിതരാകാത്തവരുടെ എണ്ണം കൂടുതലാണ് ഇവിടെ എന്ന കാര്യം ഗൗരവത്തോടെ കണ്ട് എല്ലാവര്‍ക്കും കരുതല്‍ ഡോസ് വാക്സിന്‍ നല്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുക്കണം. കോവിഡ് നാലാംതരംഗം ആസന്നമായിരിക്കുന്ന അടിയന്തര സാഹചര്യം പരിഗണിച്ചെങ്കിലും കരുതല്‍ വാക്സിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ പൊതുജനങ്ങളും തിരുത്തലിനു തയാറായേ മതിയാകൂ.
You may also like this video;