Site iconSite icon Janayugom Online

കോവിഡ് മൂന്നാം തരംഗം; മരണങ്ങളില്‍ 92 ശതമാനവും വാക്സിന്‍ എടുക്കാത്തവര്‍

രാജ്യത്ത് ഈ വര്‍ഷം ജനുവരി മുതലുള്ള കോവിഡ് മരണങ്ങളില്‍ 92 ശതമാനവും വാക്സിന്‍ സ്വീകരിക്കാത്തവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നൂറുകണക്കിന് ജീവൻ സംരക്ഷിക്കുന്നതിൽ വാക്‌സിനുകള്‍ വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടത്തിൽ നിന്ന് വാക്‌സിൻ രാജ്യത്തെ സംരക്ഷിച്ചുവെന്നും നിതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു.

കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് 98.9 ശതമാനം ഫലപ്രദമാണെന്നും രണ്ട് ഡോസും നൽകിയാൽ 99.3 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് മരണങ്ങൾ ഗണ്യമായി കുറഞ്ഞതായാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. ശരാശരി 615 മരണങ്ങളില്‍ നിന്ന് ഫെബ്രുവരി രണ്ടിനും എട്ടിനും ഇടയില്‍ 76.60 ശതമാനം ഇടിവാണുണ്ടായത്.

കേരളം, മഹാരാഷ്ട്ര, മിസോറാം എന്നിവിടങ്ങളിൽ നിന്നുള്ള കേസുകളാണ് ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളിൽ 50 ശതമാനവും. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,561 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

ആഗോള കണക്കുകള്‍ പരിശോധിച്ചാല്‍ 0.7 ശതമാനം കേസുകള്‍ മാത്രമാണ് ഇന്നലെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ വർഷത്തെ രണ്ടാം തരംഗത്തിൽ നാല്പത്തിയൊമ്പതാം ദിവസത്തിലാണ് കേസുകള്‍ ഏറ്റവും ഉയർന്നത്. 68-ാം ദിവസം മുതൽ കേസുകൾ കുറയാൻ തുടങ്ങി.

ഈ വർഷം മൂന്നാം തരംഗത്തിൽ 18 ദിവസത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിലയിലെത്തി. 24 ദിവസത്തിന് ശേഷം കേസുകൾ കുറയാൻ തുടങ്ങിയതായും കേന്ദ്രം വ്യക്തമാക്കുന്നു.

eng­lish sum­ma­ry; covid Third Wave; 92% of deaths are due to non-vaccination

you may also like this video;

Exit mobile version