Site icon Janayugom Online

കോവിഡ് മൂന്നാംതരംഗം ശമിക്കുന്നു: രോഗവ്യാപനം കുറയുന്നതായി ആരോഗ്യ വിദഗ്ധര്‍

രാജ്യത്ത് കോവിഡ് വ്യാപനം ശമിക്കുന്നതായി വിദഗ്ധര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,077 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. ഇതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളും നല്‍കിത്തുടങ്ങി.
ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗവ്യാപനമാണ് ഇന്ന് രേഖപ്പെടുത്തിയത്. 10 ശതമാനത്തിന് മുകളിലെത്തിയ ടിപിആര്‍ നാലായി കുറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി 6.97 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1.50 ലക്ഷം പേര്‍ പുതുതായി രോഗമുക്തി നേടി. 657 മരണം കോവിഡ് മൂലം ഇന്ന് രാജ്യത്ത് സംഭവിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന മരണം ആയിരത്തിന് മുകളിലായിരുന്നു. ഇതോടെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 5,07,177 ആയി.
രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തിലും മഹാരാഷ്ട്രയിലും രോഗശമനമുണ്ട്. നിലവില്‍ ഏറ്റവും അധിക സജീവ കേസുകള്‍ കേരളത്തിലാണ്. 2.33 ലക്ഷം. രോഗികളുടെ എണ്ണം ഉയര്‍ന്ന് നിന്നിരുന്ന കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഒരു ലക്ഷത്തില്‍ താഴെയെത്തി. ഇതുവരെ 171.79 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് നല്‍കിയിട്ടുള്ളത്.
രോഗവ്യാപനത്തിന്റെ അളവായ ആര്‍ വാല്യുവില്‍ കഴിഞ്ഞദിവസങ്ങളിലായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിതരാകുന്നവരിൽ 97 ശതമാനം പേർക്കും പിടിപെടുന്നത് ഒമിക്രോൺ വകഭേദമാണ്. ചെറിയൊരു ശതമാനം പേരിൽ ഡെൽറ്റ വകഭേദവും പിടിപെടുന്നു.
കഴിഞ്ഞ ആഴ്ചയിൽ ലോകത്താകമാനം രോഗബാധിതരുടെ എണ്ണത്തിൽ 17 ശതമാനം കുറവുണ്ടായതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. അമേരിക്കയിൽ മാത്രം പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമ്പത് ശതമാനമാണ് കുറവുണ്ടായത്. അന്താരാഷ്ട്ര തലത്തിൽ കോവിഡ് മരണങ്ങളിൽ ഏഴു ശതമാനത്തിന്റെ കുറവുണ്ടായതായും പ്രതിവാര അവലോകനത്തില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Eng­lish Sum­ma­ry: Covid third wave: Health experts say the spread of the dis­ease is declining

You may like this video also

Exit mobile version