Site icon Janayugom Online

വീണ്ടും ഭീഷണി ഉയര്‍ത്തി കോവിഡ്; ജാഗ്രതവേണമെന്ന് ലോകാരോഗ്യ സംഘടന

Coronavirus COVID-19 all around the Earth. News about corona virus, Covid concept. 3D render

ഇന്ത്യയിൽ നൂറുകോടി വാക്സിനുകൾ നൽകിയെങ്കിലും കോവിഡ് ഉയർത്തുന്ന ഭീഷണി അവസാനിക്കുന്നില്ല. ഇപ്പോഴും പല രാജ്യങ്ങളിലും ഉയർന്നു വരുന്ന കോവിഡ് കേസുകളുടെ എണ്ണം വരാനിരിക്കുന്ന അപകടാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്ന് പല വിദഗ്ധരും വ്യക്തമാക്കുന്നുണ്ട്. റഷ്യ, ബ്രിട്ടന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തുടങ്ങിയതോടെ കേസുകളുടെ എണ്ണം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി. 

ശൈത്യകാലം വരാനിരിക്കെ യൂറോപ്പിലടക്കം കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് അപകടകരമാണെന്നും അത് തടയാന്‍ രാജ്യങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാമിന്റെ തലവന്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞു.
നിലവില്‍ ഉയര്‍ന്നു വരുന്ന കോവിഡ് കേസുകളാല്‍ പലരാജ്യങ്ങളിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ ബ്രിട്ടനിലാണ് എറ്റവും കൂടുതൽ കേസുകൾ ഉയർന്നു വന്നിരിക്കുന്നത്. 2,83,756 കേസുകളാണ് കഴിഞ്ഞ ആഴ്ചയിൽ മാത്രം യുകെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 14 ശതമാനം കേസുകളുടെ വർധനവാണ് ബ്രിട്ടനിൽ ഉണ്ടായിരിക്കുന്നത്. റഷ്യയാണ് ഇതിൽ രണ്ടാം സ്ഥാനത്തുള്ളത്. 2,17,322 കേസുകളാണ് റഷ്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടന്റെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് പടർന്നു പിടിക്കുന്നത് കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ എവൈ. 4.2 എന്ന ഉപവിഭാഗത്തിൽപ്പെട്ട വൈറസാണ്. ഡെൽറ്റയുടെ ഉപവിഭാഗമായതിനാലാണ് അതിവേഗം പടർന്നു പിടിക്കുന്നതെന്ന് ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി. 

റഷ്യയിലും സ്ഥിതി ഗുരുതരം തന്നെയാണ്. ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ചയുടെ തുടക്കത്തിലോ മോസ്കൊ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇതുവരെ രേഖപ്പെടുത്തിയതിലും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുമെന്ന് റഷ്യൻ ടിവി ചാനലായ റോസിയ‑വണ്ണിന് നൽകിയ അഭിമുഖത്തിൽ മേയർ സെർജി സോബിയാനിൻ പറഞ്ഞു. ഇതു മുന്‍നിര്‍ത്തിയാണ് റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലടക്കം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ജനങ്ങള്‍ക്ക് ഒരാഴ്ചത്തേ ശമ്പളത്തോട്കൂടിയ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കോവിഡ് കേസുകളില്‍ മാത്രമല്ല മരണങ്ങളിലും ഉക്രൈനില്‍ ഗണ്യമായ ഉയര്‍ന്ന നിരാക്കാണ് രേഖപ്പെടുത്തുന്നത്. ഉക്രൈന്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 22,415 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 546 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും വ്യക്തമാക്കി.
വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളുടെ അടിസ്ഥാനത്തില്‍ ചൈന വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. അതിനു മുന്നോടിയായി ചൈനയില്‍ സ്കൂളുകള്‍ അടച്ചു പൂട്ടാനും വിമാന സര്‍വീസുകള്‍ റദ്ദാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസവും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ അധികൃതര്‍ കോവിഡ് സൗഹൃദ പ്രോട്ടോക്കോള്‍ പുറപ്പെടുവിച്ചു. 

Eng­lish Sum­ma­ry : covid threat again WHO statement 

You may also like this video :

Exit mobile version