Site icon Janayugom Online

എല്ലാ ജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണം: മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക, സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് കോവിഡ് വ്യാപനം തടയുന്നതിന് നിലവിലുള്ള സാഹചര്യത്തില്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍. ജില്ലകളിലെ സമ്പര്‍ക്കാന്വേഷണത്തിന്റെ ശരാശരി 4.25 ശതമാനമാണ്. സമ്പര്‍ക്കാന്വേഷണം കൂടുതലുള്ള ജില്ലകളിൽ ആർ.ടി മൂല്യം കുറവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ വകുപ്പിനും കീഴിലുള്ള തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍, പകല്‍ പരിപാലന കേന്ദ്രങ്ങള്‍, ഷെല്‍റ്റേര്‍ഡ് വര്‍ക്ക്‌ഷോപ്പുകള്‍, ബഡ്‌സ് റി-ഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ നവംബര്‍ 1 മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.

വാക്‌സിനേഷന്‍ കുറവുള്ള ജില്ലകള്‍ കണ്ടെത്തി നിരീക്ഷണം നടത്താനും വാക്‌സിനേഷന്‍ കൂട്ടാനുമുള്ള നടപടികളെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഡെല്‍റ്റാ പ്ലസ് വൈറസുകള്‍ സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്ന കാര്യം ജനങ്ങളെ ബോധവത്ക്കരിക്കണം. സ്‌കൂളുകള്‍ തുറക്കുന്നതിനാല്‍ അവിടെ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ അടിയന്തിരമായി മാറ്റാനുള്ള നടപടിയെടുക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ക്യാമ്പുകള്‍ക്കായി വലിയ ഹാളുകളോ വീടുകളോ കണ്ടെത്താവുന്നതാണന്ന് മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : covid trac­ing need to be imr­poved says cm pinarayi vijayan

You may also like this video :

Exit mobile version