Site iconSite icon Janayugom Online

ലോകത്ത് ആയിരം കോടി കടന്ന് കോവിഡ് വാക്സിനേഷന്‍

ആഗോളതലത്തില്‍ ആയിരം കോടി കടന്ന് കോവിഡ് വാക്സിനേഷന്‍. 13 മാസം കൊണ്ടാണ് വാക്സിനേഷന്‍ രംഗത്ത് പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. ഇരുപതോളം കോവിഡ് വാക്സിനുകളാണ് ലോകത്ത് പ്രചാരത്തിലുള്ളത്.
നിലവില്‍ ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന 480 കോടി ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിച്ച ജീവന്‍ രക്ഷോപാധിയാണ് കോവിഡ് വാക്സിനെന്ന് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അമന്ത ഗ്ലാസ്മാന്‍ പറഞ്ഞു.
സമ്പന്നരാജ്യങ്ങളില്‍ പലതും മൂന്നും നാലും കോവിഡ് വാക്സിന്‍ ഡോസുകള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. എന്നാല്‍ ദരിദ്രരാജ്യങ്ങളിലെ ആകെ ജനസംഖ്യയുടെ 5.5 ശതമാനത്തിന് മാത്രമാണ് രണ്ട് ഡോസ് വാക്സിന്‍ നല്‍കിയത്. ഒരു ഡോസ് എങ്കിലും സ്വീകരിച്ചവരുടെ എണ്ണം പത്ത് ശതമാനത്തില്‍ താഴെയാണ്.
ചൈന, അമേരിക്ക, യൂറോപ്പ് എന്നിവ ഉള്‍പ്പെടുന്ന 107 സമ്പന്ന രാജ്യങ്ങളിലാണ് ലോകത്തെ 54 ശതമാനം ജനസംഖ്യ ഉള്‍ക്കൊള്ളുന്നത്. ഇവരില്‍ 71 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചു. എന്നാല്‍ ഇന്ത്യ, ആഫ്രിക്ക, ഏഷ്യയിലെ ചില ഭാഗങ്ങള്‍, തുടങ്ങിയവയില്‍ ഉള്‍പ്പെട്ട ആഗോള ജനസംഖ്യയുടെ പകുതിയാളുകളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിച്ചത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 16 ശതമാനത്തിന് മാത്രമാണ് ഒരു ഡോസ് വാക്സിന്‍ എങ്കിലും ലഭിച്ചത്.
യുഎഇ, ചിലി, സ്പെയിന്‍, ഉറുഗ്വേ, ഇറ്റലി, ഫ്രാന്‍സ്, ബ്രസീല്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവി‍ഡ് വാക്സിന്‍ വിതരണം ചെയ്തിരിക്കുന്നത്.
യുഎഇയില്‍ ഇതുവരെ 99 ശതമാനം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഇതില്‍ 93 ശതമാനവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 75 ശതമാനം പേര്‍ക്കാണ് വാക്സിന്‍ ലഭിച്ചത്.

Eng­lish sum­ma­ry;  covid vac­ci­na­tion has crossed one bil­lion in the world

You may also like this video;

Exit mobile version