Site icon Janayugom Online

കോവിഡ് വാക്സിനേഷന്‍ 100 കോടി ; രണ്ട് ഡോസ് ലഭിച്ചവര്‍ ജനസംഖ്യയുടെ 20 ശതമാനം

രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ 100 കോടിയില്‍. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇന്നലെവരെ നല്‍കിയത് 99.40 കോടി ഡോസ് വാക്‌സിനാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമ്പത് മാസത്തോളമായി രാജ്യത്ത് നടന്നുവരുന്ന വാക്സിനേഷന്‍ യജ്ഞം ഇന്ന് നൂറുകോടിയെന്ന നാഴികക്കല്ല് പിന്നിടും.
വാക്സിനേഷന്‍ നൂറുകോടി കടക്കുന്ന വേളയില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറുകോടിയിലധികം ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുള്ളത്. 

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പെടെ ഇതുവരെ 102.4 കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് 20 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വാക്സിനേഷന് അര്‍ഹതയുള്ള 51 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനാണ് ലഭിച്ചിരിക്കുന്നത്. ഈ വ്യത്യാസം ആശങ്കാജനകമാണെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. കോവിഡ് ബാധയില്‍ നിന്നും 30 മുതല്‍ 50 ശതമാനം വരെ സംരക്ഷണമാണ് ഒരു ഡോസ് വാക്സിനേഷന്‍ നല്‍കുന്നത്.

ഒന്നാം ഡോസ് സ്വീകരിച്ചവരില്‍ വലിയൊരു വിഭാഗം രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിന് തയ്യാറായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. തെലങ്കാനയില്‍ മാത്രം അര്‍ഹരായ 25 ലക്ഷം പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചിട്ടില്ല. നേരത്തെ വാക്സിന്‍ ക്ഷാമം പ്രവര്‍ത്തനങ്ങളുടെ വേഗതയെ പ്രതികൂലമായി ബാധിച്ചിരുന്നു.
eng­lish summary;covid vac­ci­na­tion in the coun­try at 100 crores
you may also like this video;

Exit mobile version