Site icon Janayugom Online

കോവിഡ് വാക്സിന്‍ പാര്‍ശ്വഫലം: മുന്നറിയിപ്പുകള്‍ കേന്ദ്രം അവഗണിച്ചു

vaccine

കോവിഡ് വാക്സിന്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളും ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകളും കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വം അവഗണിച്ചതായി റിപ്പോര്‍ട്ട്.
കോവിഡ് മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ കോവിഡ് വാക്സിനുകള്‍ നിര്‍ണായകപങ്കുവഹിച്ചുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ കോവിഡ് വാക്സിന്‍ പാര്‍ശ്വഫലങ്ങളുടെ പേരില്‍ നിയമയുദ്ധം ഇതോടൊപ്പം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും കോവിഡ് വാക്സിന്‍ പാര്‍ശ്വഫലങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുന്നത്.

2021 ജനുവരി പകുതിയോടെയാണ് ഇന്ത്യ തദ്ദേശിയമായി രണ്ട് കോവിഡ് വാക്സിനുകള്‍ നിര്‍മ്മിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് ബയോടെക് ലിമിറ്റഡ് നിര്‍മ്മിച്ച കോവാക്സിന്‍, സ്വകാര്യ കമ്പനിയായ സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡുമാണ് അവ. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഈ രണ്ട് വാക്സിനുകള്‍ക്കും അടിയന്തര സാഹചര്യത്തിലുള്ള ഉപയോഗത്തിന് അനുമതി നല്‍കി. നാല് മാസം തികയുന്നതിന് മുമ്പ് വാക്സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആരോഗ്യ‑കുടുബക്ഷേമ മന്ത്രാലയം ആശങ്കകള്‍ പങ്കുവച്ചു. അപ്പോഴേക്ക് കോടിക്കണക്കിന് ഇന്ത്യക്കാരില്‍ വാക്സിനുകള്‍ കുത്തിവച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ സൗജന്യമായാണ് വാക്സിനുകള്‍ വിതരണം ചെയ്തത്. 

വാക്സിന്‍ കുത്തിവയ്പിനുശേഷം രാജ്യത്ത് നിരവധി മേഖലകളില്‍ നിന്നും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്കിരുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രാലയം വിഷയത്തിലിടപെട്ടു. രക്തം കട്ടപിടിക്കുന്ന അവസ്ഥയായ ടിടിഎസിനെ (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റൊപീനിയ) ക്കുറിച്ച് പഠിക്കുന്ന കമ്മിറ്റി വിവരങ്ങള്‍ ശേഖരിച്ചു. കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് രക്തം കട്ടപിടിക്കാനുള്ള സാധ്യതയുള്ളതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. കോവാക്സിന് ഇത്തരം പാര്‍ശ്വഫലങ്ങള്‍ താരതമ്യേന കുറവാണെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു. 

വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ലാഭം സൃഷ്ടിക്കാന്‍ രാജ്യത്തെ ഗിനിപന്നികളാക്കുകയായിരുന്നുവെന്ന് ആക്ടിവിസ്റ്റ് ആയ പ്രഫുല്‍ ശ്രദ്ധ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ക്ക് ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലതും ഗുരുതരമായ രോഗാവസ്ഥയിലേക്ക് വരെ എത്തിച്ചതായും അദ്ദേഹം പറഞ്ഞു. ഓട്ടോ, ടാക്സി, വിമാനം, അന്താരാഷ്ട്ര യാത്രകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവയിലെല്ലാം പ്രവേശനത്തിന് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍ എടുക്കാന്‍ താല്പര്യമില്ലാത്തവരെപ്പോലും വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിതരാക്കിയെന്ന് നാഗ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് (സിപിആര്‍) മേധാവി ബാരിസ്റ്റര്‍ വിനോദ് തിവാരി പറഞ്ഞു. 

കോവിഡ് വാക്സിന്‍ സ്വീകരിച്ച യുവാക്കള്‍ ഹൃദയാഘാതം വന്ന് മരിക്കുന്ന സംഭവത്തില്‍ ഐസിഎംആര്‍ പഠനം നടത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ ഉടന്‍തന്നെ പുറത്തുവന്നേക്കും. കോവിഡ് വാക്സിനുകളെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നിട്ടും വാക്സിന്‍ നിരോധിക്കുന്നതിനോ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനോ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. 

Eng­lish Sum­ma­ry: Covid vac­cine side effect: Cen­ter ignores warnings
You may also like this video

Exit mobile version